മൊഹാലി: ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന് വാട്സണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ട്വന്റി-20 ലോകകപ്പിനുശേഷം കളി നിര്‍ത്തുമെന്നാണ് താരം അറിയിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു നേരത്തെ തന്നെ വിരമിച്ച വാട്സണ് കഴിഞ്ഞ സെപ്റ്റംബറിനുശേഷം ഏകദിനത്തില്‍ കളിച്ചിട്ടില്ല. മോശം ഫോമും പരിക്കുമാണ് വിരമിക്കലിനു കാരണം. 2007 ന് മുമ്പ് അരങ്ങേറിയവരില്‍ നിലവില്‍ ഓസീസ് ടീമിലുള്ള ഏക താരവും വാട്സനാണ്. ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലാണ് ഈ 34കാരന്റെ സ്ഥാനം.
ഏകദിനത്തില്‍ 190 കളികളില്‍നിന്ന് 5757 റണ്‍സും 168 വിക്കറ്റുമാണ് വാട്സന്റെ സമ്പാദ്യം. 40.54 എന്ന മികച്ച ബാറ്റിംഗ് ശരാശരിയും. ബംഗ്ലാദേശിനെതിരേ 2011ല്‍ ധാക്കയില്‍ നേടിയ 185 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഒരു ഓസ്ട്രേലിയന്‍ താരത്തിന്റെ ഉയര്‍ന്ന സ്കോറും ഇതുതന്നെ. 59 ടെസ്റ്റില്‍നിന്ന് 3731 റണ്‍സും 75 വിക്കറ്റുമാണ് സമ്പാദ്യം. 176 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍.