കോഴിക്കോട്: ലാളിത്യവും വിനയവും എന്നും മനസില്‍ സൂക്ഷിച്ചിരുന്ന സിപിഎം നേതാവ് വി.വി. ദക്ഷിണാമൂര്‍ത്തിക്ക് അന്ത്യാഞ്ജലി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെ അന്തരിച്ച മൂര്‍ത്തി മാസ്റ്റര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്നും ആയിരങ്ങളാണ് കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വ്ച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും അണികളും ഒഴുകിയെത്തിയിരുന്നു. നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി തോമസ് ഐസക്, എം.വി. ഗോവിന്ദന്‍ തുടങ്ങിയ നേതാക്കള്‍ ഇന്നലെ തന്നെ എത്തിയിരുന്നു.
ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, പി.എസ്. ശ്രീധരന്‍ പിള്ള, ജെഡിയു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ തുടങ്ങിയവരും ഇന്നലെ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി. ഇന്ന് രാവിലെ മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
രാവിലെ 8.30ഓടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും വിലാപയാത്രയായി ജന്മനാടായ പാലേരിയിലേക്ക് ഭൗതികശരീരം കൊണ്ടുപോയി. തുടര്‍ന്ന് പേരാമ്പ്രയിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലും വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഭൗതികശരീരം പൊതുദര്‍ശനത്തിനുവച്ചശേഷം ഉച്ചയ്ക്ക്് 2.30ന് വീട്ടുവളപ്പില്‍ സംസ്കരിക്കും. മികച്ച പാര്‍ലിമെന്റേറിയന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ട മൂര്‍ത്തി മാസ്റ്റര്‍ 1950ല്‍ 16-ാം വയസിലാണ് പാര്‍ട്ടി അംഗമായത്. മബബാര്‍ ഐക്യവിദ്യാര്‍ഥി സംഘടനയുടെ ആദ്യ ജോയിന്റ് സെക്രട്ടറി, കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ ആദ്യ ജില്ലാ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു.
26 വര്‍ഷം വടക്കുമ്പാട് സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന മൂര്‍ത്തി മാസ്റ്റര്‍ 1982ല്‍ സ്വമേധയാല്‍ വിരമിക്കകയായിരുന്നു. പിന്നീട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി. കോഴിക്കോട് ജില്ലാ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ച മൂര്‍ത്തി മാസ്റ്റര്‍ ട്രേഡ് യൂണിയന്‍ രംഗത്തും നിറസാന്നിധ്യമായിരുന്നു. ചെത്തുതൊഴിലാളികളെയും അധ്യാപകരെയും ക്ഷേത്രജീവനക്കാരെയും സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്ന നേതാവായിരുന്നു മൂര്‍ത്തി മാസ്റ്റര്‍. 19965,67,80 കാലങ്ങളില്‍ പേരാമ്പ്രയില്‍നിന്നും നിയമസഭാംഗമായ അദ്ദേഹം അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അടുത്തകാലത്ത് പൊതുവേദികളില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.