ഏറ്റുമാനൂര്‍: വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ എംജി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിഹേവിയറല്‍ സയന്‍സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ക്കെതിരേയാണ് ഇന്നലെ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തത്. രണ്ടു വിദ്യാര്‍ഥിനികളോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയെന്നു കാണിച്ച് ഒമ്പത് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്. ഇവര്‍ 2014-16 ബാച്ചിലെ വിദ്യാര്‍ഥികളാണ്.
വൈസ് ചാന്‍സലര്‍ക്കു വിദ്യാര്‍ഥികള്‍ നല്‍കിയ പരാതി പോലീസിനു കൈമാറുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി സമര്‍പ്പിച്ചത്. പോലീസ് മേധാവിയുടെ നിര്‍ദേശാനുസരമം ഗാന്ധിനഗര്‍ എസ്‌ഐ മനോജ്കുമാറാണ് കേസ് അന്വേഷിക്കുന്നത്. പരാതി ലഭിച്ചശേഷമുള്ള ദിവസങ്ങള്‍ അവധിയായതിനാല്‍ ഇന്നലെയാണ് അന്വേഷണം ആരംഭിച്ചത്.
പരാതിക്കാരായ ഒമ്പതു വിദ്യാര്‍ഥികളില്‍ പെണ്‍കുട്ടികളുടെ മൊഴിയാണ് ഇന്നലെ ശേഖരിച്ചത്. അവശേഷിക്കുന്നവരില്‍നിന്ന് ഇന്നു മൊഴിയെടുത്തശേഷം വിശദമായ അന്വേഷണം ആരംഭിക്കും. 2015 ഏപ്രിലില്‍ ഒരു വിദ്യാര്‍ഥിനിയെ അവധിദിവസമായിരുന്നിട്ടും ഡിപ്പാര്‍ട്ട്‌മെന്റില്‍ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പറയുന്നു. വിദ്യാര്‍ഥിനിയോട് മോശമായി സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് മറ്റൊരു വിദ്യാര്‍ഥിനിക്കുകൂടി ഇത്തരത്തില്‍ അനുഭവമുണ്ടായതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്.