വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു; വധു ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്ക്

Acciവെഞ്ഞാറമൂട്: വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് വധു ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ നാലിന് വെഞ്ഞാറമൂട് തന്ത്രാംപൊയ്ക ജംഗ്ഷനിലായിരുന്നു അപകടം. പാലക്കാട് മണ്ണാര്‍ക്കാട്ടുനിന്നും പാറശാലയിലേയ്ക്ക് വധു ഉള്‍പ്പെടെ നാല്‍പത്തിയഞ്ചോളം യാത്രക്കാരുമായി വരികയായിരുന്ന സ്റ്റാര്‍ ഹോളിഡെയ്‌സ് എന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. എതിരേവന്ന ബൈക്കിനെ ഇടിക്കാതിരിക്കാന്‍ വെട്ടിതിരിച്ചപ്പോള്‍ തന്ത്രാംപൊയ്ക ഹോണ്ടാ ഷോറൂമിലേക്ക് ബസ് ഇടിച്ചുകയറിയായിരുന്നു.

വധു മണ്ണാര്‍ക്കാട് അറ്റുമറ്റത്തില്‍ സാനി (27), ബസ് ഡ്രൈവര്‍ മണ്ണാര്‍ക്കാട് പാടത്ത് പീടികയില്‍ ഷൗക്കത്ത് (50), ക്ലീനര്‍ മണ്ണാര്‍ക്കാട് സ്വദേശി രാംദാസ് (48), തൊടുപുഴ തട്ടാന്‍വിളയില്‍ ഏഞ്ചല്‍ മറിയ (നാല്), കോട്ടയം കൊച്ചിത്തറയില്‍ അമ്മിണി (65), മകന്‍ ജിജോ ജോസ് (29), പള്ളിയൂര്‍ കൈതപറമ്പില്‍ ജോമോള്‍ (15) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. ചകിത്സയ്ക്ക് ശേഷം വധു ഉള്‍പ്പടെയുള്ളവര്‍ രാവിലെ തന്നെ ആശുപത്രി വിട്ടു. പാറശാല സ്വദേശി വിപിനും സാനിയായുമായുള്ള വിവാഹം രാവിലെ 10.30ന് തന്നെ നടന്നു.  വെഞ്ഞാറമൂട് പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Related posts