വിവാഹാഭ്യര്‍ഥന നിരസിച്ച വിധവയുടെ വീടിനു മുമ്പില്‍ യുവാവ് ജീവനൊടുക്കി

hangആലപ്പുഴ: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നു വിധവയായ വീട്ടമ്മയുടെ വീടിനുമുമ്പില്‍ യുവാവ് ജീവനൊടുക്കി. കഞ്ഞിക്കുഴി പഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ പുലക്കാട്ടുചിറയില്‍ പൊന്നപ്പന്റെ മകന്‍ ജയരാജ് (കണ്ണന്‍-27) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ പാതിരപ്പള്ളി ജംഗ്ഷനില്‍ പമ്പുഹൗസിനു വടക്കുള്ള വാടകവീട്ടിലായിരുന്നു സംഭവം.

കഴിഞ്ഞ ആറുമാസമായി വീട്ടമ്മയും പത്തുവയസുകാരനായ മകനും ഇവരുടെ അമ്മയും വാടകവീട്ടിലായിരുന്നു താമസം. കഴിഞ്ഞദിവസം രാത്രി 10 ഓടെ ഇവരുടെ വീട്ടില്‍ എത്തിയ ജയരാജ് വീട്ടമ്മയോടു താനുമായുള്ള വിവാഹത്തിനു സമ്മതിക്കണം എന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നു യുവതി ഇക്കാര്യം പറഞ്ഞു വീട്ടില്‍ വരരുതെന്നു താക്കീത് നല്കി പറഞ്ഞയയ്ക്കുകയായിരുന്നു. വീട്ടില്‍നിന്നും പോയ യുവാവ് പിന്നീട് യുവതിയുടെ ഫോണില്‍ വിളിച്ചു വീണ്ടും വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. പിന്നീട് ഇവരുടെ വീട്ടിലെത്തിയ യുവാവ് വീടിനുമുമ്പിലെത്തി വിഷദ്രാവകം കഴിക്കുകയും വീടിന്റെ മുമ്പിലെ കഴുക്കോലില്‍ കയര്‍ കുരുക്കി ജീവനൊടുക്കുകയുമായിരുന്നു.

ഇതുകണ്ടു ഭയന്ന വീട്ടമ്മ വിവരം അപ്പോള്‍ തന്നെ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ വിളിച്ചറിയിച്ചിരുന്നു. വിവരം അറിഞ്ഞു പോലീസ് എത്തിയപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. ഇയാളുടെ ഷര്‍ട്ടില്‍നിന്നും ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെടുത്തു. ഇവരുമായി ഒരു വര്‍ഷത്തിനുമുമ്പു പരിചയപ്പെട്ട ജയരാജ് നിരന്തരമായി ഇവരോട് പ്രണയാഭ്യര്‍ഥന നടത്തി വരികയായിരുന്നു. ശല്യം സഹിക്കാതായപ്പോള്‍ ഇവര്‍ ആലപ്പുഴ നോര്‍ത്തു പോലീസ്‌സ്റ്റേഷനില്‍ മൂന്നുതവണ പരാതി നല്‍കിയിരുന്നതായി പോലീസ് പറയുന്നു. സെല്‍വിയാണ് മാതാവ്. കവിത ഏക സഹോദരിയും. സംസ്കാരം നടത്തി. നോര്‍ത്ത് സിഐ ബാബുവിന്റെ നേതൃത്വത്തില്‍ മേല്‍ നടപടി സ്വീകരിച്ചു.

Related posts