വേദനകളും ദുരിതങ്ങളും തളംകെട്ടി മെഡിക്കല്‍ കോളജ് ആശുപത്രി

tvm-hospitalതിരുവനന്തപുരം:  സമയം പുലര്‍ച്ചെ നാല്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പൊള്ളല്‍ ഐസിയുവിനു സമീപമുള്ള വാര്‍ഡില്‍ മുപ്പതു രോഗികളും കൂട്ടിരിപ്പുകാരും പാതിമയക്കത്തിലാണ്. ചിലര്‍ രോഗികള്‍ക്ക്  അതിരാവിലെ നല്‍കേണ്ട കരിക്കിന്‍ വെള്ളവും മറ്റും വാങ്ങാന്‍ പുറത്തേക്ക് ഇറങ്ങി. പെട്ടെന്ന് ഒന്നിനു പുറകേ ഒന്നായി ആംബുലന്‍സുകള്‍ പാഞ്ഞെത്തി.  ആര്‍ക്കും ഒന്നും മനസിലായില്ല. വലിയ എന്തൊക്കെയോ സംഭവവികാസങ്ങള്‍ നടന്നതായി കരുതി ആശുപത്രി ജീവനക്കാരും അത്യാഹിത വിഭാഗവും എല്ലാം തയാറായി. ആംബുലന്‍സുകളില്‍ എത്തിയവരെ പെട്ടെന്ന് അത്യാഹിത വിഭാഗത്തിലേക്ക് എടുത്തു. ഇതിനിടയില്‍ ഉന്നത കേന്ദ്രങ്ങളില്‍നിന്നു അറിയിപ്പ് എത്തി. കൊല്ലം പറവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടയില്‍ അപകടം നൂറിലധികം പേര്‍ക്ക് പരിക്ക്. എല്ലാവരും ജാഗ്രതയോടെ ഇരിക്കുക. അറിയിപ്പ് ലഭിച്ച് അര മണിക്കൂറിനകം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരം ആംബുലന്‍സുകളെക്കൊണ്ട് നിറഞ്ഞു. അതില്‍നിന്നു പുറത്തിറക്കിയവരെക്കണ്ടു പലരും കണ്ണു പൊത്തി. ചിലര്‍ ബോധം കെട്ടു വീണു.

ശരീരം മുഴുവന്‍ പൊള്ളി വീര്‍ത്ത,് നിലവിളിക്കാന്‍ പോലും കഴിയാത്ത രൂപങ്ങള്‍. ആശുപത്രി ജീവനക്കാരും ഡ്യൂട്ടി നഴ്‌സുമാരും ഒക്കെ ചേര്‍ന്ന് കൈമെയ് മറന്ന് സേവനനിരതരായി. ഇതിനിടയില്‍ സംഭവം അറിഞ്ഞ് ഡോക്ടര്‍മാരും ആശുപത്രിയിലേക്ക് പാഞ്ഞെത്തി. ജീവനുകള്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കവേ, അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്തിച്ചേര്‍ന്നു. കത്തിക്കരിഞ്ഞ് ചിതറിത്തെറിച്ച് തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായിരുന്നു പല മൃതദേഹങ്ങളും.ആറു മണിയായതോടെ ആശുപത്രിയും പരിസരവും ആംബുലന്‍സും ജനങ്ങളെയും പോലീസിനെയും കൊണ്ട് നിറഞ്ഞു. നൂറോളം ആംബുലന്‍സുകളാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു രോഗികളെ നിറച്ച് എത്തിച്ചേര്‍ന്നത്. ഇതിനു മുമ്പു തന്നെ മെഡിക്കല്‍ കോളജ് ഐസിയുകള്‍ ഉള്‍പ്പെടെ സജ്ജമായി.

വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും സന്നദ്ധ സഹായങ്ങള്‍ക്കായി ആശുപത്രിയില്‍ എത്തി. ഡിസിപിമാരുടെ നേതൃത്വത്തില്‍ പോലീസ് ജനത്തെ നിയന്ത്രിക്കുന്നതിനും  ആം ബുലന്‍സുകള്‍ക്ക് വഴിയൊരുക്കുന്നതിനും മെഡിക്കല്‍കോളജ് പരിസരം ഏറ്റെടുത്തു. ജില്ലാ കളക്ടര്‍ ബിജു പ്രഭാകറും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി എത്തി.    അത്യാഹിത വിഭാഗത്തില്‍ ജീവനക്കാരുടെയും നഴ്‌സുമാരുടെയും നേതൃത്വത്തില്‍ പ്രത്യേക വിഭാഗത്തിന് രൂപം നല്‍കി. ഹെല്‍പ് ഡെസ്കും തയാറായി. ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലെ ഉച്ചഭാഷിണികളില്‍ നിന്ന് അറിയിപ്പ് മുഴങ്ങി തുടങ്ങി. ജനങ്ങള്‍ ആംബുലന്‍സിന് വഴിയൊരുക്കണമെന്നും അത്യാഹിത വിഭാഗത്തിന് മുന്നില്‍ കൂട്ടം കൂടരുതെന്നുമുള്ള അഭ്യര്‍ഥന മുഴങ്ങി. ഏഴു മണിയായിട്ടും കൊല്ലത്തുനിന്നുള്ള ആംബുലന്‍സുകളുടെ വരവ് കുറഞ്ഞില്ല.

മെഡിക്കല്‍ കോളജിലേക്ക് പൊള്ളലേറ്റ് എത്തിയവരുടെ ബന്ധുകളുടെ കണ്ണുകളില്‍ നിറഞ്ഞുനിന്നത്  ഭീതി മാത്രമായിരുന്നു. ചെറിയ പൊള്ളലേറ്റ പലരോടും അപകടത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും പലര്‍ക്കും മറുപടി  പറയാനുള്ള ശേഷിയുണ്ടായില്ല.ഏഴു മണിയോടെ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിന് മുന്‍വശം ജനപ്രളയമായി. ആംബുലന്‍സുകള്‍ വരുന്നതും പോകുന്നതും യഥേഷ്ടം തുടര്‍ന്നു. അതിനകം അന്‍പതിലധികം പേരെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടു വന്നു. അപകടത്തിന്റെ ഭീകരാവസ്ഥ ബോധ്യപ്പെട്ടതോടെ ആകെ വിറങ്ങിലിച്ച നിലയിലായിരുന്നു ആശുപത്രിയും പരിസരവും. പരസ്പരം വര്‍ത്തമാനങ്ങളില്ല. ശോകമൂകമായ അന്തരീക്ഷം. ഇതിനിടയിലും ആംബുലന്‍സുകള്‍ വന്നു കൊണ്ടിരുന്നു.

Related posts