കോട്ടയം: ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം നഗരത്തിലെ കുടിവെള്ള വിതരണം വീണ്ടും താറുമാറായി. നഗരത്തിലേക്കു കുടിവെള്ളം എത്തിക്കുന്ന പേരൂര്‍ പമ്പ്ഹൗസിലെ ശുദ്ധീകരണ പ്ലാന്റിലേക്കുള്ള പൈപ്പ് ലൈന്‍ ഇന്നലെ പൊട്ടിയതോടെ രണ്ടു ദിവസം നഗരത്തില്‍ കുടിവെള്ളം മുട്ടും. പൊട്ടിയ പൈപ്പ് നന്നാക്കുന്നതിനുള്ള പണികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും നാളെ വൈകുന്നേരത്തോടെയേ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുകയുള്ളു. പണികള്‍ പൂര്‍ത്തി ആയാലും വെള്ളം വിതരണം ചെയ്യുന്നത് തിങ്കളാഴ്ച്ച രാവിലയോടെ ആരംഭിക്കുകയുള്ളെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നഗരത്തിലെ 30,000 ത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. 56 വര്‍ഷം പഴക്കമുള്ള പൈപ്പാണിത്. കാലപ്പഴക്കത്തില്‍ ക്ഷയിച്ചതാകാം പൊട്ടലിനു കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. നേരത്തെ പൈപ്പിന്റെ പല ഭാഗങ്ങളില്‍ ചോര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും പൊട്ടുന്നത് ഇതാദ്യമായാണെന്ന് പമ്പിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. പമ്പ് ഹൗസിലെ കിണറ്റില്‍ നിന്നും പമ്പ്ചെയ്തെടുക്കുന്ന വെള്ളം അര കിലോമീറ്റര്‍ അകലെയുള്ള ശുദ്ധീകരണ ശാലയിലെത്തിക്കുന്നത് ഈ പൈപ്പ് വഴിയാണ്.
കോട്ടയം കുടിവെള്ള പദ്ധതി 1964 ല്‍ ഉദ്ഘാടനം ചെയ്യുന്നതിനു നാലു വര്‍ഷം മുന്‍പ് സ്ഥാപിച്ച 600 എംഎം വ്യാസമുള്ള കാസ്റ്റ് അയണ്‍ പൈപ്പാണിത്. മണ്ണിനടിയില്‍ രണ്ടു മീറ്റര്‍ താഴ്ചയിലാണ് പൈപ്പിട്ടിരിക്കുന്നത്. പൊട്ടിയ ഭാഗത്തെ മണ്ണ് മാറ്റുന്ന പണികള്‍ ഇന്നലെ പൂര്‍ത്തിയായി. ഇന്നും നാളേയും പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പണികള്‍ നടക്കും. ഇതിന്റെ ഭാഗമായി ശുദ്ധീകരണ ശാലയും പമ്പ് ഹൗസും ഓഫ് ചെയ്തു. നഗരത്തിലേക്കുള്ള ജലവിതരണം പൂര്‍ണമായും നിര്‍ത്തിവച്ചുകൊണ്ടാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്.
പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസവും പല ദിവസങ്ങളിലായി ഒരാഴ്ച്ചയോളം നഗരത്തില്‍ കുടിവെള്ളം മുടങ്ങിയിരുന്നു. വേനല്‍ കനത്തതോടെ നഗരത്തില്‍ കുടിവെള്ള ക്ഷാമം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ഏക ആശ്രമായ ജല അതോരിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയതോടെ നഗരവാസികളുടെ വെള്ളംകുടി മുട്ടിയിരിക്കുകയാണ്.