ചെങ്ങാലൂര്‍: സ്വകാര്യ വ്യക്തിയുടെ ഓയില്‍ മില്ലിലേക്ക് കൊണ്ടുവന്ന വ്യാജ വെളിച്ചെണ്ണ നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു. പുലര്‍ച്ചെ മില്ലില്‍ വെളിച്ചെണ്ണ ഇറക്കി തിരിച്ച് വരുന്നതിനിടെ രണ്ടാംകല്ലില്‍ വെച്ചാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്. മൂന്നാം തവണയാണ് ഇവിടെയ്ക്ക് കൊണ്ടുവന്നിരുന്ന വെളിച്ചെണ്ണ നാട്ടുകാര്‍ തടഞ്ഞത്. ആദ്യ തവണ പിടിച്ചെടുത്ത വെളിച്ചെണ്ണ ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ലക്ഷം രൂപ ഇവരില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു. രണ്ടാം തവണ പിടിച്ചെടുത്ത വാഹനം ഇപ്പോഴും പോലീസിന്റെ കസ്റ്റഡിയിലാണ്.
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നിന്നാണ് വ്യാജ വെളിച്ചെണ്ണ എത്തിക്കുന്നതെന്ന് വാഹനത്തിന്റെ ഡ്രൈവര്‍ പറഞ്ഞു. ചെക്ക് പോസ്റ്റില്‍ നികുതി ഒഴിവാക്കുന്നതിനായി ബില്ലില്‍ വെളിച്ചെണ്ണ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് വിളക്കെണ്ണയാണെന്നാണ് ഡ്രൈവര്‍ പറയുന്നത്. കൊപ്ര ആട്ടി വെളിച്ചെണ്ണയാക്കുന്ന ചെങ്ങാലൂരിലെ സ്വകാര്യ മില്ലിലേക്കാണ് വിളക്കെണ്ണ കൊണ്ടുവരുന്നത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് വില്‍ക്കുകയാണെന്നാണ് നാട്ടുകാര്‍ ആരോപിച്ചു.
ഈ മില്ലുകാരുടെ പേരിലുണ്ടായിരുന്ന വെളിച്ചെണ്ണ പരിശോധനയില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പ്് നിരോധിച്ചിരുന്നു. വാഹനം തടഞ്ഞ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയെങ്കിലും വാഹനം കസ്റ്റഡിയില്‍ എടുത്തില്ല. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസുമായി തര്‍ക്കമുണ്ടായി.
ഇത്തരം കാര്യങ്ങളില്‍ പോലീസിന് വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ അധികാരമില്ലെന്നായിരുന്നു പോലീസിന്റെ ഭാഷ്യം. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനോട് കമ്പനിയില്‍ വന്ന് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടു. അത് ചെയ്യേണ്ടത് ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരാണ് എന്ന നിലപാടിലായിരുന്നു പോലീസ്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഒന്നടങ്കം കമ്പനിയിലേക്ക് എത്തി. തുടര്‍ന്ന് വെളിച്ചെണ്ണ കൊണ്ടുവന്ന ബില്ല് കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഉടമകളും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ കളക്ടര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചു. കമ്പനിയോട് ചേര്‍ന്നുള്ള മുറിയില്‍ ടാങ്കര്‍ ലോറിയുടെ ടാങ്കിലാണ് വ്യാജ വെളിച്ചെണ്ണ സൂക്ഷിച്ചിരിക്കുന്നത്. ഇത് അവിടെ നിന്നും മാറ്റാതിരിക്കാനായി നാട്ടുകാര്‍ കമ്പനി പരിസരത്ത് തമ്പടിക്കുകയാണ്.