മൂവാറ്റുപുഴ:അങ്കമാലി-ശബരി പദ്ധതി പ്രദേശത്ത് ഫോര്‍വണ്‍ നോട്ടിഫിക്കേഷന്‍ ഭൂമിയിലെ ജപ്തി നടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ തയാറാകണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ടി.എം.ഹാരിസ് ആവശ്യപ്പെട്ടു. മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ മുളവൂര്‍, വെള്ളൂര്‍ക്കുന്നം, മൂവാറ്റുപുഴ വില്ലേജുകളില്‍പ്പെട്ട 57 കുടുംബങ്ങള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ജപ്തി നോട്ടീസ് നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ച നോട്ടീസുകളില്‍ 15 ദിവസത്തിനകം പണം അടച്ചില്ലെങ്കില്‍ സ്ഥാപരജംഗമ വസ്തുക്കള്‍ ജപ്തി ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.
നോട്ടീസ് ലഭിച്ചതോടെ ബുദ്ധിമുട്ടിലായ ഭൂ ഉടമകള്‍ ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും പണം അടച്ചെങ്കില്‍ മാത്രമേ നടപടികള്‍ അവസാനിപ്പിക്കൂ എന്നാണ് അറിയിച്ചത്. സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്തവര്‍ സംഘം അസിസ്റ്റന്റ് രജിസ്ട്രാറെ സമീപിച്ച് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. എറണാകുളത്തുള്ള സഹകരണസംഘം ജോയിന്റ് രജിസ്ട്രാറില്‍ നിന്നു അനുമതി വാങ്ങിയാലെ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്ന നിലപാടിലാണ് അസിസ്റ്റന്റ് രജിസ്ട്രാര്‍. അങ്കമാലി മുതല്‍ മൂവാറ്റുപുഴ വരെയുള്ള 57 കിലോമീറ്റര്‍ ഭൂ പ്രദേശങ്ങളില്‍ റെയില്‍വേ ഫോര്‍ വണ്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാത്ത സ്ഥിതിയാണ്. റെയില്‍വേ ഭൂമി ഏറ്റെടുത്ത് പണം നല്‍കിയാല്‍ മാത്രമെ ഭൂ ഉടമകള്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയൂ. സ്വന്തമായി ഒരു തുണ്ടു ഭൂമി വാങ്ങി ബാങ്ക് വായ്പയെടുത്ത് വീട് നിര്‍മിച്ചവരടക്കമുള്ള ഉടമകള്‍ക്കാണ് ജപ്തി നോട്ടീസ് ലഭിച്ചിട്ടുള്ളത്. റെയില്‍വേ പണം നല്‍കാതെ സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍കഴിയാത്ത് സ്ഥിതിയാണ്. അടിയന്തരമായി ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നും അല്ലാത്തപക്ഷം ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഹാരിസ് മുന്നറിയിപ്പ് നല്‍കി.