വടകര: തൂണേരി ഷിബിന്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട കോടതി വിധി ഞെട്ടലുളവാക്കുന്നതാണെന്ന് ആര്‍എംപി നേതാവ് കെ.കെ. രമ. പ്രമാദമായ കേസില്‍ ഒരു പ്രതിക്കുപോലും ശിക്ഷ വാങ്ങികൊടുക്കാന്‍ കഴിയാഞ്ഞത് ആശങ്കയുണ്ടാക്കുന്നതാണ്. കേസ് തെളിയിക്കുന്ന കാര്യത്തില്‍ പ്രൊസിക്യൂഷന് അമ്പേ പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് കോടതി വിധി തെളിയിക്കുന്നത്. സിപിഎം ആവശ്യപ്പെട്ടതനുസരിച്ച് നിയമിച്ച സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ ഉണ്ടായിരുന്നിട്ടും കേസ് ശരിയാംവിധം മുന്നോട്ടുനീക്കിയില്ലെന്നത് ദുരൂഹമാണ്. സാധാരണക്കാര്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഇവിടെ ദുര്ബലപെടുകയാണെന്നും രമ കൂട്ടിച്ചേര്‍ത്തു.
കൊലയാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും ഷിബിന്റെ കുടുംബത്തിന് നീതി ലഭിക്കാനും വേണമെങ്കില്‍ കേസിന്റെ പുനരന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. രാഷ്ട്രീയ കൊലപാതക കേസുകള്‍ നേതൃത്വങ്ങള്‍ ഒത്തുകളിച്ച് അട്ടിമറിക്കുന്നുവെന്ന ആരോപണം ബലപെട്ടുകൊണ്ടിരിക്കുന്ന കാലത്ത് ഷിബിന്‍ കേസിലെ വിധി സംശയാസ്പദവും സാധാരണക്കാരെ സംബന്ധിച്ച് ആശങ്കാജനകവുമാണ്. കേസ് സമ്പൂര്‍ണ്ണമായി പരാജയപ്പെടാനിടയായ കാരണങ്ങള്‍ വസ്തുതാപരമായി വിശദീകരിക്കാനും തുടര്‍നടപടികള്‍ അടിയന്തിരമായി പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ.കെ. രമ പറഞ്ഞു.