പരവൂര്‍: പുറ്റിംഗല്‍ വെടിക്കെട്ടപകടത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട് സങ്കടക്കടലില്‍ ദുഖവും ദുരിതവും പേറി കഴിയുന്നവര്‍ക്ക് ഷിഫാ അല്‍ജസീറ ഗ്രൂപ്പ് നല്‍കിയ ധനസഹായം ആശ്വാസത്തിന് വകയായി. കോട്ടപ്പുറം എല്‍പിഎസ് അങ്കണത്തില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ ദുരന്തത്തില്‍ മരിച്ച 70 പേരുടെ ബന്ധുക്കള്‍ക്ക് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നവര്‍ അരലക്ഷം രൂപ വീതം വിതരണം ചെയ്തു.പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ മനംനൊന്ത് തേങ്ങലും കണ്ണീരും അടക്കിപ്പിടിച്ചാണ് പലരും സഹായം വാങ്ങാനെത്തിയത്. മൂകത തളംകെട്ടിനിന്ന വേദിയിലെത്തി തുക വാങ്ങിയവര്‍ക്ക് കരച്ചിലടക്കാനായില്ല.
സംഘാടകരോട് നന്ദി സൂചകമായി ബന്ധുക്കളില്‍ പലരും അവരെ കൈകൂപ്പി വണങ്ങിയത് കണ്ടുനിന്നവരെ പോലും ഈറനണിയിച്ചു. ആര്‍ക്കും ആരെയും ആശ്വസിപ്പിക്കാനാവാത്ത നിമിഷം. സങ്കടക്കാഴ്ചകള്‍ കണ്ട് സംഘാടകര്‍ പോലും ഒരു നിമിഷം സ്തംഭിച്ച് നിന്നുപോയി.സഹായധന വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കെ.പി.കുറുപ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ടി.റബിയുള്ള, ഉപദേശക സമിതി വൈസ്‌ചെയര്‍മാന്‍ കെ.അഹമ്മദ്കുട്ടി, ഷിഫാ അല്‍ജസീറ റിയാദ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഷറഫ് വേങ്ങാട്, ഷാജി അരീപ്ര, മുഹമ്മദ് ഷാക്കിര്‍, മീഡിയ വിഭാഗം വൈസ്പ്രസിഡന്റ് ഇ.സതീഷ്, കോര്‍ഡിനേറ്റര്‍ എസ്.മഹാദ് എന്നിവര്‍ സംബന്ധിച്ചു.
അപകടത്തില്‍ 107 പേര്‍ മരിച്ചുവെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ബാക്കിയുള്ളവര്‍ക്കും സഹായധനം നല്‍കാന്‍ ഷിഫാ അല്‍ജസീറ ഗ്രൂപ്പ് തയാറാണ്.മരിച്ചവരുടെ ബന്ധുക്കള്‍ ധനസഹായം ലഭിക്കുന്നതിന് വാര്‍ഡ് മെമ്പറുടെ കത്ത്, മരണ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി കോര്‍ഡിനേറ്ററെ 81291 31797 എന്ന നമ്പരില്‍ ബന്ധപ്പെടണം.പുറ്റിംഗല്‍ ക്ഷേത്രപരിസരത്തെ 300 വീടുകളില്‍ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കാനുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. ജലലഭ്യത ഉറപ്പാകും വരെ ഇത് തുടരാനാണ് തീരുമാനം.
പുറ്റിംഗല്‍ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ നഗരസഭാ അധികൃതര്‍ തുടങ്ങിയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പരവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഒരുലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് എ.സഫറുള്ള നല്‍കിയ ചെക്ക് നഗരസഭാ ചെയര്‍മാന്‍ കെ.പി.കുറുപ്പ്, സെക്രട്ടറി നീതുലാല്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ബാങ്ക് ഭരണസമിതി അംഗങ്ങളായ എസ്.മഹാദ്, സൈനുലാബ്ദീന്‍, സുന്ദരരാജു, രവീന്ദ്രകുറുപ്പ്, രേഖ, ഓമന, മുനിസിപ്പല്‍ മുന്‍ കൗണ്‍സിലര്‍ എസ്.ശ്രീലാല്‍ എന്നിവര്‍ സംബന്ധിച്ചു.