വടകര: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളിയേയും പയ്യോളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ടി.സിന്ധുവിനേയും മുരളി പ്രസിഡന്റായ ലേബര്‍ സൊസൈറ്റി ഓഫീസില്‍ പൂട്ടിയിട്ട സംഭവത്തില്‍ പോലീസ് നടപടി ഇഴയുന്നതായി ആക്ഷേപം. ഇരുപത് പേര്‍ക്കെതിരെ കേസെടുത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ചിലരെ കസ്റ്റഡിയിലെടുത്തെന്ന് പറഞ്ഞിരുന്ന പോലീസ് ഇപ്പോള്‍ ചുവട് മാറ്റിയിരിക്കുകയാണ്. അന്വേഷണം നടക്കുന്നതായാണ് വിശദീകരണം.
നാടിനാകെ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെന്ന് വീഡിയോ ദൃശ്യത്തിലൂടെ അറിയാമെന്നിരിക്കെ ഇരുട്ടില്‍ തപ്പുന്ന തരത്തിലാണ് പോലീസ് പെരുമാറുന്നത്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടുന്നിതിന് പോലീസ് കൂട്ടുനില്‍ക്കുന്നതായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. പ്രതികള്‍ പലരും പോലീസിനു മുന്നിലൂടെ കോടതിയിലും മറ്റും കയറിയിറങ്ങുമ്പോഴാണ് ഈ അവസ്ഥ. ഡിവൈഎഫ്‌ഐയുടെ ഉത്തരവാദപ്പെട്ടവരാണ് സദാചാര ഗുണ്ടായിസത്തിനു പിന്നിലെന്ന് പകല്‍പോലെ വ്യക്തമാണ്. തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സംഘടന വിശദീകരിക്കുന്നുണ്ടെങ്കിലും ഈ പ്രവൃത്തിക്ക് പിന്നിലുള്ളവരുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇതിനു നേതൃത്വം കൊടുത്തവരുടെ പേരും സംഘടനയിലെ സ്ഥാനവും വിശദമായി തന്നെ നല്‍കിയിട്ടുണ്ട്.
സദാചാര ഗുണ്ടായിസത്തിനെതിരെ എക്കാലവും നിലപാടെടുത്ത ഡിവൈഎഫ്‌ഐയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു സമീപനം ഉണ്ടായതില്‍ സംഘടനക്കുള്ളിലും സിപിഎമ്മിലും കടുത്ത അതൃപ്തിയുണ്ട്. ചില നേതാക്കള്‍ ഇതിനെ പരസ്യമായി തള്ളിപറഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പുവേളയിലുണ്ടായ ഇത്തരം സംഭവങ്ങള്‍ ഇടതുമുന്നണിക്ക് ക്ഷീണം ചെയ്യുമെന്ന അഭിപ്രായം ശക്തമാണ്. ഇക്കഴിഞ്ഞ 11-ാം തിയതി വെള്ളിയാഴ്ച ഉച്ചക്കാണ് മുരളി പ്രസിഡന്റായ സ്വദേശി ലേബര്‍ കോണ്‍ട്രാക്ട് ആന്റ് കണ്‍സ്ട്രക്ഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആസ്ഥാനത്ത് ഒരു സംഘമാളുകള്‍ ഇരച്ചുകയറി മുരളിയേയും ഇവിടെ ജോലിക്കെത്തിയ മുന്‍ പയ്യോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സിന്ധുവിനെയും പൂട്ടിയിട്ടത്. മോശമായ വാക്ക് ഉപയോഗിക്കുകയും കളിയാക്കുകയും ചെയ്ത ഇവര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് സംഘം സദാചാര ഗുണ്ടായിസക്കാരെ ഓടിക്കുന്നതിനു പകരം മുരളിയെയും സിന്ധുവിനെയും കസ്റ്റഡിയിലെടുക്കുകയാണ് ചെയ്തത്.
ഇത് പിന്നീട് വലിയ കോലാഹലമായി മാറി. ഡിവൈഎഫ്‌ഐ-പോലീസ് ഗൂഢാലോചനയാണ് സംഭവത്തിനു പിന്നിലെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്ത് വന്നതോടെ ഗതി മാറി. നിരപരാധിത്വം തെളിയിക്കാന്‍ തങ്ങളെ വൈദ്യ പരിശോധനക്ക് വിധേയമാക്കണമെന്നു മുരളിയും സിന്ധുവും ആവശ്യപ്പെടുകയും ചെയ്തു. ഇതിന് ആദ്യം പോലീസ് വിസമ്മതിച്ചെങ്കിലും പിന്നീട് വഴങ്ങേണ്ടിവന്നു. പട്ടാപ്പകല്‍ തന്റെ ഓഫീസില്‍ വനിതാ നേതാവിനോടൊപ്പം സംസാരിച്ച മുരളിക്കെതിരെ രംഗത്തെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുരളിയേയും സിന്ധുവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടും പിന്മാറാന്‍ കൂട്ടാക്കിയില്ല. ഇരുവരുടേയും ചിത്രങ്ങളടങ്ങിയ ഫഌക്‌സുകള്‍ നഗരത്തില്‍ ഉയര്‍ത്തി രസിക്കുകയായിരുന്നു. മാത്രമല്ല വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
മുരളിയോടുള്ള രാഷ്ട്രീയ വിദ്വേഷം ഈ രൂപത്തില്‍ ഉപയോഗപ്പെടുത്തി അപമാനിച്ച് വിടുകയായിരുന്നു ഡിവൈഎഫ്‌ഐ ചെയ്തത്. പോലീസ്-മാഫിയാ ബന്ധത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ മുരളിക്കെതിരെ പോലീസിനും കടുത്ത വിദ്വേഷമുണ്ടായിരുന്നു. മുരളി കുടുങ്ങിയെന്ന മട്ടിലായിരുന്നു പോലീസിന്റെ ആദ്യപ്രതികരണം. മുരളിയോടൊപ്പം പൊതുപ്രവര്‍ത്തകയായ വനിതയുമുണ്ടെന്നും അവര്‍ക്കും കുടുംബമുണ്ടെന്നുമുള്ള കാര്യം പോലീസും ഡിവൈഎഫ്‌ഐയും മറന്നുപോയി. സംഭവത്തെ ചൊല്ലി അന്നു വൈകീട്ട് പോലീസും യുഡിഎഫും ഏറ്റുമുട്ടിയത് ലാത്തിച്ചാര്‍ജില്‍ കലാശിക്കുകയും ചെയ്തു. ഹര്‍ത്താല്‍ നടത്തിയാണ് യുഡിഎഫ് ഇതിലെ രോഷം തീര്‍ത്തത്. ഈ പ്രശ്‌നത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്ന ആഭ്യന്തര മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് യുഡിഎഫ് നേതൃത്വം സമരങ്ങള്‍ മാറ്റിവെച്ചെങ്കിലും ഇതു സംബന്ധിച്ച രോഷം കെട്ടടങ്ങിയിട്ടില്ല. വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടി തുടരുകയാണ്.