സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല രോഗികള്‍ ദുരിതത്തില്‍

alp-hospitalരാമങ്കരി: കുട്ടനാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലാത്തതിനെ തുടര്‍ന്നു സാധാരണക്കാരായവര്‍ ബുദ്ധിമുട്ടിലാകുന്നു. വരുമാനഭേദമന്യേ 585 ഇനം മരുന്നുകള്‍ സൗജന്യമെന്ന ആരോഗ്യവകുപ്പിന്റെ പ്രഖ്യാപനം ഇതോടെ പാഴ്‌വാക്കായതായി ആക്ഷേപം. കുട്ടനാട്ടിലെ മിക്ക സര്‍ക്കാര്‍ ആശുപത്രികളിലേയും ചികിത്സ പേരിനു മാത്രമെന്ന ആരോപണവും ഉയരുന്നുണ്ട്. പനി, തലവേദന തുടങ്ങിയ സാധാരണ അസുഖങ്ങള്‍ക്കുപോലും മരുന്ന് കിട്ടാനില്ലാത്ത അവസ്ഥയാണ്. അത്യാഹിതവിഭാഗത്തില്‍ ചികിത്സ തേടുന്നവര്‍പോലും ദുരിതമനുഭവിക്കുന്നുണ്ട്.

മരുന്നുകള്‍ ഏറെയും വാങ്ങാന്‍ രോഗികള്‍ സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മരുന്നുകളുടെ കാര്യത്തില്‍ എന്നപോലെ മറ്റു ലബോറട്ടറി പരിശോധനകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പല ലാബുകളും പരിമിതികളുടെ നടുവിലാണ്.പലയിടത്തും ആവശ്യത്തിനു ജീവനക്കാരില്ല. ഇതുമുലം പരിശോധനാഫലങ്ങള്‍ക്കായി രോഗികള്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. കുട്ടനാട്ടിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതും ഏറെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്.

പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ പല മരുന്നുകള്‍ക്കും ക്ഷാമം അനുഭവപ്പെടുമ്പോള്‍ ചമ്പക്കുളം പ്രാഥമികരോഗ്യകേന്ദ്രത്തില്‍ മതിയായ ഡോക്ടര്‍മാരില്ലാത്തതാണ് പ്രധാനപ്രശ്‌നം. അടിയന്തിരമായി പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Related posts