തിരുവനന്തപുരം: ഹരിപ്പാട് സ്വദേശിയായ സിആര്‍പിഎഫ് ജവാന്റെ ദുരൂഹ മരണവും ജവാന്റെ മൃതദേഹത്തോട് അനാദരവു കാണിച്ചതു സംബന്ധിച്ചും ഉന്നതതല അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഹരിപ്പാട് സ്വദേശി അനില്‍ അച്ചന് കുഞ്ഞിന്റെ മൃതദേഹത്തോട് കേന്ദ്ര സര്‍ക്കാര്‍ മനുഷ്യത്വരഹിതമായ അനാദരവാണ് കാണിച്ചത്. ജവാന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരണമെന്ന് സിആര്‍പിഎഫ് മേധാവികളോടും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനോടും കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
എംബാം ചെയ്യാതെ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയാണ് ഛത്തീസ്ഗഡില്‍നിന്ന് മൃതദേഹം ഇവിടെ എത്തിച്ചത്. അഴുകി ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹം ഏറ്റുവാങ്ങാന്‍ സ്വഭാവികമായും ബന്ധുക്കള്‍ തയാറായില്ല. മൃതദേഹം അഴുകാതിരിക്കാന്‍ എംബാം ചെയ്ത് സുഗന്ധദ്രവ്യങ്ങള്‍ പൂശിയാണ് ദൂരസ്ഥലങ്ങളിലേക്ക് അയയ്ക്കാറ്. സിആര്‍പിഎഫ് ജവാനായിട്ടുപോലും അധികാരികള്‍ അത് ചെയ്തില്ല. പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ മൃതദേഹത്തില്‍ പാറ്റ ഗുളികയാണ് കണ്ടത്.
ഈ നികൃഷ്ട പെരുമാറ്റം ഒരു ജവാന്റെ കുടുംബത്തിനുണ്ടാക്കിയ വേദനപറഞ്ഞറിയിക്കാനാവില്ല. ഡ്യൂട്ടിക്കിടയില്‍ വെള്ളം നിറച്ച ടാങ്കില്‍വീണ് അച്ചന്‍കുഞ്ഞ് മരിച്ചെന്നാണ് അധികാരികള്‍ കുടുംബത്തെ അറിയിച്ചത്. കുടുംബത്തിന്റെ സംശയം ദുരീകരിക്കാന്‍ അടിയന്തര അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.