കോലഞ്ചേരി: രാത്രിയില്‍ സീരിയല്‍ നടിയുടെ വീട്ടില്‍ “രഹസ്യന്വേഷണ’ത്തിനെത്തിയ എസ്ഐയെ സസ്പെന്റ് ചെയ്തു. പുത്തന്‍കുരിശ് എസ്ഐ സജീവ്കുമാറിനെയാണ് റേഞ്ച് ഐജി എസ്. ശ്രീജിത് സസ്പെന്റ് ചെയ്തത്.
വ്യാഴ്ാഴ്ച്ച രാത്രിയാണ് എസ്ഐ സ്വന്തം കാറില്‍ സിവില്‍ ഡ്രസില്‍ തിരുവാണിയൂര്‍ വെങ്കിടയിലെ സീരിയല്‍ നടിയുടെ വീട്ടില്‍ എത്തിയത്. എട്ട് മണിക്കെത്തിയ എസ്ഐയുടെ അന്വേഷണം പത്ത് മണി കഴിഞ്ഞതോടെയാണ് നാട്ടുകാര്‍ വീട് വളഞ്ഞ് എസ്ഐയെ പിടികൂടിയത്.
സംഭവം ചോദ്യം ചെയ്ത നാട്ടുകാരോട് എസ്ഐ കയര്‍ക്കുകകൂടി ചെയ്തതോടെ പോലീസിന്റെ പണി നാട്ടുകാര്‍ ഏറ്റെടുത്തു. എസ്ഐയെ നാട്ടുകാര്‍ വളഞ്ഞിട്ടു കൈകാര്യം ചെയ്യുന്ന വിവരം അറിഞ്ഞിട്ടും രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് ആരും എത്തിയില്ല. എന്നാല്‍, വാട്സാപ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഭവമറിഞ്ഞ ഉത്തരവാദിത്വമുള്ള നാട്ടുകാരാവട്ടെ വണ്ടി വിളിച്ച് സ്ഥലത്തെത്തി. ഇതെല്ലാം കഴിഞ്ഞ് 12.30ഓടെയാണ് പുത്തന്‍കുരിശ് സിഐ റെജി കുന്നിപറമ്പന്റെ നേതൃത്വത്തില്‍ പോലീസും തിരുവാണിയൂര്‍ വില്ലേജ് ഓഫീസറും സ്ഥലത്തെത്തിയത്.
തുടര്‍ന്ന് എസ്ഐ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ജനങ്ങള്‍ വാശിപിടിച്ചതിനാല്‍ ബ്രീത്ത് അനലൈസറില്‍ പരിശോധനയും നടത്തിയ ശേഷമാണ് എസ്ഐയെ വിട്ടയയ്ക്കാന് നാട്ടുകാര്‍ തയാറായത്. പരിക്കേറ്റ എസ്ഐയെ പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ മര്‍ദിച്ചതായി ആരോപിച്ച് സീരിയല്‍ നടിയുടെ മാതാവും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
കുടുംബ പ്രശ്നത്തെ തുടര്‍ന്ന് പരാതി നല്‍കുന്നതിനായി നടിയും മാതാവും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്റ്റേഷനിലെത്തിയിരുന്നു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുന്നതിനാണ് വീട്ടിലെത്തിയതെന്നാണ് എസ്ഐയുടെ വിശദീകരണം. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രാത്രി എസ്ഐ വീട്ടിലെത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. നടിയുടെ മാതാവിന്റെ പരാതിയില്‍ കണ്ടാലറിയുന്ന പതിനഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായതോടെ ഡിവൈഎസ്പി ആലുവ റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്ഐയെ സസ്പെന്റ് ചെയ്തത്.
സീരിയല്‍ നടിയുടെ വീട്ടില്‍ “രഹസ്യന്വേഷണ’ സോഷ്യല്‍ മീഡിയയിലും ‘താരം” എസ്ഐ തന്നെ
കോലഞ്ചേരി: സോഷ്യല്‍ മീഡിയയിലും താരം എസ്ഐ തന്നെ. രാത്രിയില്‍ സീരിയല്‍ നടിയുടെ വീട്ടില്‍ രഹസ്യ സന്ദര്‍ശനത്തിനെത്തിയ പുത്തന്‍കുരിശ് എസ്ഐയായിരുന്നു ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ താരം. എസ്ഐയെ നാട്ടുകാര്‍ വളഞ്ഞിട്ട് ചോദ്യം ചെയ്യുന്ന വീഡിയോ ഒറ്റദിവസം കൊണ്ട് രണ്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. കൂടാതെ ഇത് സംബന്ധിച്ച് നിരവധി പോസ്റ്റുകളും ഫേസ്ബുക്കും വാട്സാപ്പും വഴി പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുത്തന്‍കുരിശിലെത്തിയ എസ്ഐ സജീവ് കുമാറിനെതിരെ കുറഞ്ഞ നാളുകള്‍ കൊണ്ട് വ്യാപക പരാതികളാണുയര്‍ന്നിരുന്നത്.
വഴിയാത്രക്കാരെ പോലും അസഭ്യം വിളിക്കുന്നതും മര്‍ദിക്കുന്നതും പതിവായതോടെ നാട്ടുകാര്‍ നിരവധി പരാതികളും നല്‍കിയിരുന്നു. എന്നാല്‍ ആ പരാതികളില്‍ നടപടിയുണ്ടായില്ലെങ്കിലും നേരിട്ട് കണക്ക് തീര്‍ക്കാന്‍ കിട്ടിയ അവസരം ആരം പാഴാക്കിയില്ല എന്നാണ് പറയുന്നത്. എസ്ഐ നിരന്തരം ആളുകളെ വിളിക്കുന്ന അസഭ്യ വാക്കാണ് എസ്ഐക്കെതിരെ ഇത്രയേറെ ജനരോഷം ഉണ്ടാകാന്‍ പ്രധാന കാരണം. എസ്ഐയുടെ അസഭ്യ വാക്ക് കേട്ടവരെല്ലാം തന്നെ ദുരെ സ്ഥലങ്ങളില്‍ നിന്നും വാഹനത്തിലെത്തി രാത്രി എസ്ഐയെ കൈകാര്യം ചെയ്യാനെത്തിയത്രെ. ഇനിയാരോടും ഇത്തരത്തില്‍ അസഭ്യവക്ക് പറയരുതെന്ന താക്കീതും നല്കിയ ശേഷമാണ് എസ്ഐ നാട്ടുകാര്‍ വിട്ടയച്ചത്.