വടകര: കടലില്‍ ഇറങ്ങുന്നവരെ നിരീക്ഷിക്കാനും അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാനും ടൂറിസ്റ്റ് കേന്ദ്രമായ വടകര സാന്‍ബാങ്ക്സില്‍ മതിയായ സൗകര്യമില്ലെന്ന് ആക്ഷേപം. ദിവസവും നൂറു കണക്കിന് സന്ദര്‍ശകരെത്തുന്ന സാന്‍ബാങ്ക്സില്‍ ആകെയുള്ളത് ഒരേയൊരു ലൈഫ് ഗാര്‍ഡ്. നീളമേറിയ കടല്‍തീരവും പുഴയോരവുമുള്ള ഇവിടെ മൂന്നു ലൈഫ് ഗാര്ഡുമാരെങ്കിലും വേണ്ട സ്ഥാനത്ത് ഉള്ളത് ഒരാള്‍ മാത്രം.അവധി ദിനങ്ങളിലും വിശേഷ ദിവസങ്ങളിലും സാന്‍ബാങ്ക്സില്‍ നിറയെ സന്ദര്‍ശകരുണ്ടാവും. ഈ സമയങ്ങളില്‍ എല്ലായിടത്തും തന്റെ കണ്ണെത്തുക അസാധ്യമാണെന്ന് ലൈഫ് ഗാര്‍ഡ് കുരിയാടി ആവിക്കല്‍ സ്വദേശി പ്രജിത്ത് പറഞ്ഞു.
തന്നോടൊപ്പം നേരത്തെയു ണ്ടായിരുന്നയാള് മറ്റൊരു ജോലി കിട്ടി പോയപ്പോള്‍ പകരം ആളെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതിനാല്‍ തന്നെ രണ്ട് പേരുടെ കൂടി ജോലി ചെയ്യേണ്ട സ്ഥിതിയിലാണ്. ഇന്നലെ പുറങ്കര സ്വദേശികളായ യുവാക്കളെ കടലില്‍ കുളിക്കുന്നത് വിലക്കിയെങ്കിലും വകവെച്ചില്ല. പ്രദേശവാ സികളും കടലില്‍ കുളിച്ച് പരിചയമുള്ളവരുമാണിവര്. മൂന്നു പേരും പിന്തിരിഞ്ഞുവെങ്കിലും വിലക്കു മറികടന്നു കടലില്‍ ഇറങ്ങുകയായിരുന്നു. എങ്കിലും അപകടത്തില്‍പെട്ട ഉടന്‍ രണ്ട് പേരെ ഏറെ ശ്രമഫലമായാണ് പ്രജിത്ത് രക്ഷിച്ചത്.
ജീവന് രക്ഷാ ദൗത്യത്തിന് ആവശ്യമായ ഉപകരണങ്ങളും ഇപ്പോള്‍ സാന്‍ബാങ്ക്സില്‍ ഇല്ല. ബോയ അടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗ ശൂന്യമായിരിക്കുന്നു. പലപ്പോഴും ജീവന് പണയം വെച്ചാണ് കടലില്‍ ഇറങ്ങുന്നതെന്നും പ്രജിത്ത് പറഞ്ഞു.