കേരള കോണ്‍ഗ്രസില്‍ വീണ്ടും പിളര്‍പ്പ്; സുരേന്ദ്രന്‍പിള്ള ജെഡിയുവിലേക്ക്, നേമത്ത് മത്സരിച്ചേക്കും

surendharanതിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ വീണ്ടും പിളര്‍പ്പ്. എല്‍ഡിഎഫ് സീറ്റ് നല്‍കാതിരുന്ന വി.സുരേന്ദ്രന്‍പിള്ള ജെഡിയുവിലേക്കു ചേക്കേറാന്‍ തീരുമാനിച്ചു. നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി സുരേന്ദ്രന്‍പിള്ള മത്സരിക്കുമെന്ന് ഏറെക്കുറെ ധാരണയായിട്ടുണ്ട്.

സുരേന്ദ്രന്‍പിള്ള അനുകൂലികള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു കേരള കോണ്‍ഗ്രസ് ഭാരവാഹിത്വങ്ങള്‍ രാജിവച്ചു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനായിരുന്ന സുരേന്ദ്രന്‍പിള്ളയ്ക്ക് ഒപ്പം നാലു ജനറല്‍ സെക്രട്ടറിമാരും ആറു ജില്ലാ പ്രസിഡന്റുമാരും പാര്‍ട്ടി ഭാരവാഹിത്വം രാജിവച്ചു. തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടിയുടെ പോഷക സംഘടന പ്രതിനിധികളും രാജിവയ്ക്കുമെന്നു സുരേന്ദ്രന്‍പിള്ള അറിയിച്ചു.

സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫ് പൂര്‍ണമായും കേരള കോണ്‍ഗ്രസിനെ അവഗണിച്ചുവെന്നും മുന്നണിക്കു വേണ്ടി പ്രവര്‍ത്തിച്ച തന്നെ ഒഴിവാക്കി ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധിക്കു സീറ്റ് നല്‍കിയതില്‍ പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടടന്നും സുരേന്ദ്രന്‍പിള്ള പറഞ്ഞു. കടുത്തുരുത്തി സീറ്റ് മാത്രമാണു പാര്‍ട്ടി നല്‍കിയത്. ഇവിടെ യാതൊരു വിജയപ്രതീക്ഷയുമില്ല. എന്നാല്‍, പാര്‍ട്ടി ചെയര്‍മാന്‍ സ്കറിയ തോമസ് ഇവിടെ വിജയിക്കുമെന്ന പ്രതീക്ഷയിലാണെന്നും തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി കാണില്ലെന്നു ബോധ്യമായതിനാലാണു തങ്ങള്‍ രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചാം തീയതി പാര്‍ട്ടി കണ്‍വന്‍ഷന്‍ ചേര്‍ന്നു ഭാവിപരിപാടികള്‍ തീരുമാനിക്കും. താന്‍ നേമത്തു യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പാണ്. മതേതര ജനാധിപത്യ പാര്‍ട്ടികള്‍ക്കൊപ്പം താനും ഒപ്പമുള്ളവരും പ്രവര്‍ത്തിക്കുമെന്നും വി.സുരേന്ദ്രന്‍പിള്ള പറഞ്ഞു.

Related posts