വൈപ്പിന്‍ : പണി തീരാതെ പാതിവഴിയില്‍ കിടന്ന രോഗിയും ദരിദ്രനുമായ അശോകന്റെ വീട് ഉറ്റ സതീര്ഥ്യന്മാരുടെ കൂട്ടായ്മയില്‍ പൂര്‍ത്തിയായി. വിഷുദിനത്തില്‍ പുതിയ അടുക്കളയില്‍ പാലുകാച്ചിയും പരിസരവാസികള്‍ക്ക് പായസം വിളമ്പിയും നിര്‍മ്മാണത്തിനു നേതൃത്വം നല്കിയ സതീര്‍ഥ്യരായ റിട്ട. തഹസില്‍ദാര്‍ വിശ്വനാഥനും റിട്ട. അധ്യാപകനായ ഹസന്മാസ്റ്ററും അശോകനെ പുതിയ വീടിന്റെ ഉമ്മറത്ത് കൊണ്ടുവന്ന് ഇരുത്തി ഭാര്യ കോമളക്കൊപ്പം ഫോട്ടോയും എടുത്താണ് ചടങ്ങുകള്‍ അവസാനിപ്പിച്ചത്. കടങ്ങള്‍ വീട്ടുകയും പാതിവഴിയില്‍ നില്ക്കുന്ന പുരയുടെ പണികള്‍ തീര്‍ക്കുകയും വേണമെന്ന രണ്ട് ആഗ്രഹങ്ങളാണ് അശോകന്റെ മനസിലുണ്ടായിരുന്നത്.
വീട് നിര്‍മ്മാണം പൂര്‍ത്തിയായതോടെ ഇതിലൊന്ന് സഫലമായി. അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ പ്രവര്ത്തനത്തിനൊടുവില് രോഗം ബാധിച്ച് അവശനായ എടവനക്കാട് തിട്ടത്തറ അശോകന് പണിതീരാതെ വീട്ടില്‍ അഞ്ചു വര്‍ഷക്കാലമായി ഒരു കാലും ഒരു കയ്യും ഭാഗികമായി തളര്‍ന്ന് കിടപ്പിലായിരുന്നു. കോണ്‍ഗ്രസ് ഐ പള്ളിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ് എടവനക്കാട് കോ- ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതിയംഗം പഞ്ചായത്തംഗം എന്നീ നിലകളില്‍ അശോകന് പ്രവര്‍ത്തിച്ചിട്ടുണ്ട്.1983 കളില്‍ മന്ത്രി പി.കെ.വേലായുധന്റെ പേഴ്സണല്‍ സ്റ്റാഫിലെ പ്രധാനിയും വിശ്വസ്തനുമായിരുന്ന അശോകനറിയാതെ അന്ന് വേലായുധന് കൈകാര്യം ചെയ്തിരുന്ന സാമൂഹ്യക്ഷേമ വകുപ്പിലും പട്ടികജാതി വര്‍ഗ ക്ഷേമ വകുപ്പിലും ഒന്നും നടന്നിരുന്നില്ല.
അശോകന്റെ കാര്യക്ഷമതയില്‍ അത്രക്ക് വിശ്വാസമായിരുന്നു മന്ത്രിക്ക്. അതെല്ലാം ഇന്ന് പഴങ്കഥയായിമാറി. അസുഖം ബാധിച്ചതോടെ പൊതുപ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു. ഇതിനിടെ ഏക മകന് മരിച്ചു. ഭാര്യ കോമള കൂലിപ്പണിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഒരു മകള്‍ ഉണ്ടായിരുന്നതിനെ വിവാഹം കഴിച്ചയച്ചതിന്റെ കടം ഇന്നും ജപ്തിഭീഷണിയായി നില്ക്കുന്നു. വീടു പണിയാന്‍ ഇ എം എസ് ഭവന പദ്ധതിയില്‍ ഒരു ലക്ഷം രൂപയും മറ്റൊരു 25000 രൂപയും ലഭിച്ചെങ്കിലും പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
വി.എം. സുധീരന്, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, തുടങ്ങിയ ഉന്നതരായ കോണ്‍ഗ്രസ് നേതാക്കളെ വളരെ നേരത്തെ തന്നെ അടുത്തു പരിചയമുള്ളതാണെങ്കിലും അശോകന് ആരുടെയടുത്തും സഹായം അഭ്യര്ഥിച്ചതുമില്ല. ഇതിനിടയില്‍ അശോകന്റെ ഇംഗിതമറിഞ്ഞ് അടുത്ത സതീര്‍ഥ്യരും നാട്ടുകാരുമായ റിട്ട. തഹസില്‍ദാര്‍ വിശ്വനാഥനും, റിട്ട. അധ്യാപകനായ ഹസന്മാസ്റ്ററും മുന്‍കൈ എടുത്ത് വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.