അച്ഛന്റെ മകള്‍! തൊടുപുഴയിലെ മാവോവാദികളുടെ യോഗത്തില്‍ മാവോയിറ്റ് നേതാവ് രൂപേഷിന്റെ മകള്‍ ആമിയും; നിരവധിപേര്‍ നിരീക്ഷണത്തില്‍

Amiതൊടുപുഴ: തൊടുപുഴയിലെ മാവോവാദികളുടെ യോഗത്തില്‍  കുപ്രസിദ്ധ മാവോയിറ്റ് നേതാവ് രൂപേഷിന്റെ മകള്‍ ആമിയും പങ്കെടുത്തതായി രഹസ്യാന്വേഷണ വിഭാഗം. ആമിക്കു പുറമേ മാവോയിസ്റ്റ് നേതാവായ മണിയും ഉണ്ടായിരുന്നു. ഇവര്‍ക്ക് തൊടുപുഴയില്‍ നിന്നും സഹായം ലഭിച്ചതായും വണ്ണപ്പുറം സ്വദേശിയായ പഴയകാല നക്‌സലൈറ്റ് നേതാവും യോഗത്തില്‍ പങ്കെടുത്തതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.രാഷ്ട്രീയ പ്രചാരണജാഥയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിലാണ് മാവോവാദികള്‍ യോഗം ചേര്‍ന്നത്.

നിരവധി യുവതി യുവാക്കള്‍ പങ്കെടുത്ത യോഗത്തിനുശേഷം പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. കാസര്‍ഗോഡ് കാഞ്ഞങ്ങാട്ടു നിന്നുമെത്തിയ പ്രവര്‍ത്തകരാണ് സ്റ്റാന്‍ഡില്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഇവര്‍ക്കു പുറമേ പങ്കെടുത്ത തൊടുപുഴ സ്വദേശികളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവം പോലീസ് ഗൗരവ പൂര്‍വമാണ് കാണുന്നത്.മാവോയിസ്റ്റ് സാന്നിധ്യം സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തതോടുകൂടി ഇടുക്കി ജില്ല കേന്ദ്രീകരിച്ച് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചതായും, ഇവര്‍ക്ക് ജില്ലയില്‍ നിന്നുള്ളവരുടെ സഹായം ലഭിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിനു സൂചന ലഭിച്ചിട്ടുണ്ട്.

കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്കാണ് രാഷ്ട്രിയ പ്രചാരണ ജാഥ നടത്തുന്നത്. മൂന്നു മുന്നണികളെയും നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് തൊടുപുഴയില്‍ പരിപാടി നടന്നത്. ജില്ലയുടെ പുറത്ത് നിന്നുള്ളവരാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പരിപാടി നടത്തുന്നതിന് ജില്ലയില്‍ നിന്നു വണ്ണപ്പുറം സ്വദേശി അടക്കം ചിലരുടെ സഹായം ലഭിച്ചതായും പറയപ്പെടുന്നു.മാവോവാദികളുമായി ബന്ധമുള്ള ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ നീക്കങ്ങള്‍ പോലീസ് നിരീക്ഷണം ശക്തമാക്കി.

യുഎപിഎ, എന്‍എസ്്എ നിയമങ്ങള്‍ റദ്ദാക്കുക, മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കുക, ആദിവാസി മേഖലകളില്‍ നിന്നും തണ്ടര്‍ബോള്‍ട്ടിനെ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണ് രാഷ്്ട്രിയ പ്രചാരണ ജാഥയിലെ മുദ്രവാക്യങ്ങള്‍. തൊടുപുഴയില്‍ നടന്ന പരിപാടിയില്‍ ഇടുക്കി ജില്ലയില്‍ നിന്നും ചില പ്രമുഖര്‍ പങ്കെടുത്തതായാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്്തിരിക്കുന്നത്.

ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായും പരിപാടി നടത്താന്‍ ഇവര്‍ സഹായിച്ചതായുമാണ് സ്‌പെഷല്‍ ബ്രാഞ്ചിനു കിട്ടിയ വിവരം. തെരഞ്ഞെടുപ്പടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

Related posts