അതിരമ്പുഴയില്‍ റബര്‍തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട യുവതി ഹോംനഴ്‌സ് ? സിസിടിവിയില്‍ വാഹനങ്ങളുടെ ദൃശ്യങ്ങള്‍; കൊലനടന്നത് ഞായറാഴ്ച രാത്രി 11.30നു ശേഷം

deathകോട്ടയം: അതിരമ്പുഴയ്ക്കടുത്ത് റബര്‍തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട യുവതി ഹോം നഴ്‌സ് ആണോ എന്ന് പോലീസ് സംശയിക്കുന്നു. ജില്ലയിലെ എല്ലാ ഹോം നഴ്‌സ് സ്ഥാപനങ്ങളുമായി പോലീസ് ബന്ധപ്പെട്ട് ഏതെങ്കിലും യുവതിയെ കാണാതായിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. കൊല്ലപ്പെട്ട യുവതി ധരിച്ചിരിക്കുന്നത് നൈറ്റിയായതിനാല്‍ വീട്ടില്‍ വച്ചുണ്ടായ വഴക്കായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. അത് സ്വന്തം വീടോ ജോലി ചെയ്യുന്ന വീടോ ആയിരിക്കാം.

കൊല്ലപ്പെട്ട യുവതി നല്ല വൃത്തിയായി നടക്കുന്നയാളാണെന്നുമാണ് പോലീസ് നിഗമനം. ഇരുനിറം പ്രായം 30 വയസ് എന്നിങ്ങനെയാണ് ഫോറന്‍സിക് വിഭാഗം വ്യക്തമാക്കുന്നത്. മലയാളിയാണെന്ന് തീര്‍ത്തു പറയാന്‍ കഴിയുന്നില്ല. ഒരു പക്ഷേ അന്യ സംസ്ഥാനക്കാരിയാകാം. മറ്റൊരു സംശയം വീട്ടില്‍ വച്ചുണ്ടായ കൊലയാണോ എന്നതും ഉയരുന്നുണ്ട്. ആര്‍ക്കെങ്കിലും കൈയബദ്ധം പറ്റിയിട്ട് മൃതദേഹം ഉപേക്ഷിച്ചതാണോ എന്നു സംശയിക്കുന്നു. എന്നാല്‍ ആളെ കാണാതായ വിവരം അയല്‍വാസികളെങ്കിലും പരാതി പറയേണ്ടതല്ലേ എ്ന്ന ചോദ്യമുയരുന്നു. രണ്ടു സിസേറിയന്‍  നടത്തിയതാണെന്ന ആദ്യ സൂചനകള്‍ ശരിയല്ലെന്ന് പോലീസ് വ്യക്തമാക്കി.

പിടിവലിയൊന്നും നടന്നതായി സൂചനയില്ല. നൈറ്റി കീറിയിട്ടില്ല. തലയ്ക്കു പിന്നിലേറ്റ മാരകമായ ചതവാണ് മരണ കാരണം. തല പിടിച്ച് ഭിത്തിയില്‍ ഇടിപ്പിക്കുകയോ മൂര്‍ച്ചയില്ലാത്ത ആയുധം ഉപയോഗിച്ച് അടിക്കുകയോ ചെയ്താലുണ്ടാകുന്ന തരത്തിലുള്ള ചതവാണ് തലയ്ക്കു പിന്നിലേറ്റിട്ടുള്ളത്. യുവതി പൂര്‍ണ ഗര്‍ഭിണിയായതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടാകാം. ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നീങ്ങുന്നുണ്ട്.

സിസിടിവിയില്‍ വാഹനങ്ങളുടെ ദൃശ്യങ്ങള്‍

കോട്ടയം: അതിരമ്പുഴയ്ക്കടുത്ത് യുവതിയുടെ മൃതദേഹം കാണപ്പെട്ട റബര്‍തോട്ടത്തിനു സമീപത്തെ വീടുകളില്‍ സ്ഥാപിച്ച സിസിടിവി കാമറയില്‍ നിന്ന് ഏതാനും വാഹനങ്ങളുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവ പരിശോധനാ വിധേയമാക്കി വരികയാണ്.  രാത്രി ഒന്‍പതിനും പുലര്‍ച്ചെ അഞ്ചു മണിക്കും ഇടയ്ക്കുള്ള സമയത്ത് കടന്നു പോയ വാഹനങ്ങളുടെ ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.

ഇവയില്‍ നിന്ന് ഏതാനും ചില വാഹനങ്ങള്‍  തെരഞ്ഞെടുത്ത് അന്വേഷണം നടത്തി വരികയാണ.് മൃതദേഹം റബര്‍ തോട്ടത്തില്‍ കാണപ്പെട്ടത് തിങ്കളാഴ്ച രാവിലെയാണ്. ഞായറാഴ്ച രാത്രിയില്‍ ആ പ്രദേശത്തെ മൊബൈല്‍ ടവര്‍ പരിധിയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ നമ്പരുകളും പോലീസ് പരിശോധിക്കുന്നുണ്ട്.

കൊലനടന്നത് ഞായറാഴ്ച രാത്രി 11.30നു ശേഷം

കോട്ടയം: അതിരമ്പുഴ ഐക്കരക്കുന്ന് ജംഗ്ഷനുസമീപം റബര്‍ തോട്ടത്തില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു. കൊല്ലപ്പെട്ട സ്ത്രീ പൂര്‍ണ ഗര്‍ഭിണിയായിരുന്നുവെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. തല ഭിത്തിയില്‍ ഇടിപ്പിച്ചോ തെന്നി വീണോ തലച്ചോറില്‍ രക്തസ്രാവമുണ്ടായതാണു മരണകാരണം.  ഞായറാഴ്ച രാത്രിയാണു കൊലപാതകം നടന്നതെന്നും ഫോറന്‍സിക് വിഭാഗം വ്യക്തമാക്കി. ഫോറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. സന്തോഷ് ജോയിയുടെ നേതൃത്വത്തിലാണ് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ മൂന്നു മണിക്കൂര്‍ നീണ്ട പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

ഞായറാഴ്ച രാത്രി 11.30നുശേഷമാണ് കൊലപാതകം നടന്നതെന്ന് ഫോറന്‍സിക് വിഭാഗം വ്യക്തമാക്കി. പോസ്‌റ്റേുമോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തുകയും വയറ്റില്‍നിന്നെടുത്ത ആണ്‍കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ പരിശോധനയ്‌ക്കെടുക്കുകയും  ചെയ്തു. ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്‍, കോട്ടയം ഡിവൈഎസ്പി ഗിരീഷ് പി. സാരഥി എന്നിവരും പോസ്റ്റ്‌മോര്‍ട്ടം നിരീക്ഷിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി പുറത്തെടുത്തപ്പോള്‍ യുവതിയുടെ ഗര്‍ഭസ്ഥ ശിശു പുറത്തുവന്ന നിലയിലായിരുന്നു. മരണം നടന്നശേഷം പോസ്റ്റുമോര്‍ട്ടം നടത്താന്‍ വൈകുകയും മൃതദേഹം അഴുകിയതുമാണ് ശിശുവിന്റെ മൃതദേഹം പുറത്തുവരാന്‍ ഇടയാക്കിയതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

തലയുടെ പിന്‍വശത്ത് രണ്ടു ചെറിയ മുറിവുകള്‍ കണ്ടെത്തി. പരന്ന ആയുധം ഉപയോഗിച്ചോ ഭിത്തിയില്‍ തുടരെ ഇടിപ്പിച്ചോ കൊലനടത്തുകയും മുഖം തിരിഞ്ഞു വീണപ്പോള്‍ ആന്തരീക രക്തസ്രാവമുണ്ടായി മൂക്കിലൂടെ രക്തം പുറത്തുവന്നതായി ഫോറന്‍സിക് വിഭാഗം വ്യക്തമാക്കി.

കോട്ടയം ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സ്‌റ്റേഷനുകളെയും ഉള്‍പ്പെടുത്തി  120 പോലീസുകാരാണ് അന്വേഷണസംഘത്തിലുള്ളത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം സാഹചര്യങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിച്ചു വിവിധ തലങ്ങളില്‍ അന്വേഷം ഊര്‍ജിതമാക്കിയതായി ഏറ്റുമാനൂര്‍ സിഐ സി.ജെ. മാര്‍ട്ടിന്‍ പറഞ്ഞു.

Related posts