തൃശൂര്‍: അധ്യാപകര്‍ക്ക് രാഷ്ട്രീയ-സാമൂഹ്യ ബോധം വേണമെന്ന് മന്ത്രി കെ.കെ.ഷൈലജ പറഞ്ഞു. അധ്യാപകര്‍ക്ക് രാഷ്ട്രീയമില്ലെന്ന് പറയുന്നത് അപകടമാണ്. സമൂഹത്തില്‍ എന്തു നടക്കുന്നുവെന്ന് അറിഞ്ഞാലേ കുട്ടികള്‍ക്ക് അത് പകര്‍ന്നു നല്‍കാനാകൂ. അധ്യാപക ദിനത്തോടനുബന്ധിച്ച് ടൗണ്‍ഹാളില്‍ നടത്തിയ അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ക്ലാസ് മുറികള്‍ക്കുള്ളില്‍ സംവാദം നടക്കണം. എല്ലാം മനഃപാഠമാക്കി പഠിക്കലല്ല നല്ല രീതി. നല്ല സാമൂഹ്യ ബോധമുള്ളവര്‍ക്കേ നല്ല അധ്യാപകരാകാന്‍ കഴിയൂ. മതബോധവും, വികാരവും കുറച്ചു കൊണ്ടുവരാന്‍ ശ്രമിക്കണം. ജാതിയില്‍ അഭിരമിക്കാന്‍ ശ്രമിക്കുമ്പോഴാണ് കലാപങ്ങള്‍ ഉണ്ടാകുന്നത്. മതത്തിന്റെ പേരില്‍ വിഭാഗീയത ഉണ്ടാക്കിയാണ് തല്പര കക്ഷികള്‍ ഇവിടെ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നത.
താന്‍ യോഗ ഉദ്ഘാടനം ചെയ്ത സംഭവം വിവാദമാക്കിയത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. യോഗ പ്രാര്‍ഥന ചൊല്ലിയല്ല തുടങ്ങിയത്. യോഗ മനസ് ഏകാഗ്രമാക്കാന്‍ ആളുകള്‍ക്ക് അതാത് ദൈവത്തെ വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പൊതു ചടങ്ങുകളില്‍ പൊതുവായുള്ള പ്രാര്‍ഥനകളാണ് പ്രാര്‍ഥിക്കേണ്ടത്. യോഗ ചെയ്യുന്നത് കാണിക്കുന്നത് ശരിയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സി.എന്‍.ജയദേവന് എംപി, മേയര്‍ അജിത ജയരാജന്, ഡിഡിഇ ഇന്‍ചാര്‍ജ് ശരത് ചന്ദ്രന്, കൗണ്‍സിലര്‍ കെ.മഹേഷ്, വിഎച്ച്എസ്്സി അസിസ്റ്റന്റ് ഡയറക്ടര്‍ ലീന രവിദാസ്, ഈസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.ആര്.സിദ്ധാര്ഥന്, വി.എം.കരീം തുടങ്ങിയവര്‍ പ്രസംഗിച്ചു.