അവര്‍ ഇന്ന് ഉറക്കമാകും ഒരേ കല്ലറയില്‍! പുഴയില്‍ മുങ്ങി മരിച്ച ഒരു കുടുംബത്തിലെ അഞ്ചു കുട്ടികളുടെയും മൃതദേഹം സംസ്കരിക്കുന്നത് ഒരേ കല്ലറയില്‍

Childശ്രീകണ്ഠപുരം: പഠനത്തിലും കളിയിലും ഒരുമിച്ചായിരുന്ന അവരുടെ അന്ത്യവിശ്രമവും ഒന്നിച്ചായിരിക്കും. അകാലത്തില്‍ വിടവാങ്ങിയ അഞ്ചു കുട്ടികളുടെയും മൃതദേഹം ഒരേ കല്ലറയിലാണു സംസ്കരിക്കുക. സംസ്കാരം നടക്കുന്ന തിരൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ അഞ്ചു പേര്‍ക്കുമായി 15 അടി നീളവും ആറര അടി വീതിയിലുമുള്ള കല്ലറയാണു സജ്ജമാക്കിയിട്ടുള്ളത്.

സഹോദരങ്ങളുടെ മക്കളാണെങ്കിലും അവര്‍ എപ്പോഴും കൂട്ടുകാരായിരുന്നു. കൂട്ടത്തില്‍ ഇളയവനായ ഏഴു വയസുകാരന്‍ സെഫാനും മൂത്തവനായ 15കാരന്‍ അഖിലും ഉള്‍പ്പെടെ അഞ്ചുപേരും പഠനവും കളിയുമെല്ലാം ഒരുമിച്ചു തന്നെ. സംഭവം നടന്ന ശനിയാഴ്ച വീടിനു സമീപത്തെ മൂരിയംകാട്ടില്‍ ജോസഫിന്റെ വീട്ടില്‍ നടന്ന ഊട്ടുനേര്‍ച്ചയില്‍ പങ്കെടുത്ത ശേഷം മാനിക്, അഖില്‍, ആയല്‍ എന്നിവര്‍ ഒരിജയുടെയും സെഫാന്റെയും വീട്ടിലേക്കാണു വന്നത്.

ഇവിടെയുണ്ടായിരുന്ന അമ്മൂമ്മ ആലീസിനോടു പുഴയില്‍ കുളിക്കാന്‍ പോകുന്ന വിവരം പറഞ്ഞപ്പോള്‍ അവര്‍ തടയാന്‍ ശ്രമിച്ചിരുന്നെങ്കിലും സ്കൂള്‍ തുറന്നാല്‍ പിന്നെ പുഴയില്‍ കുളിക്കാന്‍ വിടില്ലല്ലോ എന്നു പറഞ്ഞ് അമ്മൂമ്മയ്ക്കു മുത്തം നല്‍കിയാണ് എല്ലാവരും കുളിക്കാന്‍ പോയത്.

പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അഖില്‍ പഠന-പാഠ്യേതര മേഖലയില്‍ ഒന്നാമനായിരുന്നു. സ്കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റായിരുന്ന അഖില്‍ ട്രാഫിക് ബോധവത്കരണ പരിപാടികളിലും സജീവമായിരുന്നു. സ്കൂള്‍ വിട്ടാല്‍ ചെറിയ ക്ലാസുകളിലെ കുട്ടികളെ പലപ്പോഴും ബസ്സ്റ്റാന്‍ഡിലെത്തിച്ചു ബസ് കയറ്റിവിടാന്‍ അഖില്‍ എപ്പോഴും മുന്‍നിരയിലുണ്ടായിരുന്നതായി സഹപാഠികള്‍ പറഞ്ഞു. എല്ലാവരുടെയും വീടുകള്‍ അടുത്തടുത്തായതിനാല്‍ സ്കൂള്‍ വിട്ടു വീട്ടിലെത്തിയാലും അവധിദിവസങ്ങളിലും അവര്‍ എപ്പോഴും ഒരുമിച്ചായിരുന്നു.

Related posts