തലശേരി: ക്ലാസ് മുറികളുടെ പുനഃരാവിഷ്കാരവും ക്ലാസിലെ മുഴുവൻ അധ്യാപകരുടെയും മൊഴി വീഡിയോ റെക്കോർഡിംഗ് നടത്തിയും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും പോലീസ് വല വിരിച്ചപ്പോൾ കുടുങ്ങിയത് അധ്യാപകന്റെയുള്ളിലെ ക്രിമിനൽ. കള്ളക്കേസെന്നും കുട്ടിയെ അടിക്കുക മാത്രമാണ് അധ്യാപകൻ ചെയ്തിട്ടുള്ളൂവെന്നും വിവിധ ഘട്ടങ്ങളിൽ പോലീസ് തന്നെ പറഞ്ഞ പാലത്തായി പീഡനക്കേസിലാണ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുള്ളത്.
ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് കേസന്വേഷണം പൂർത്തിയാക്കിയത്. പല ഘട്ടങ്ങളിലും ഐപിഎസുകാരായ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോലും കള്ളപ്പരാതിയെന്ന നിഗമനത്തിൽ എത്തുകയും അന്വേഷണ സംഘത്തിന് തലവേദന സൃഷ്ടിക്കുകയും ചെയ്ത കേസിലാണ് കോടതിയിലപ്പോൾ പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജെജെ ആക്ട് പ്രകാരം കുട്ടിയെ അടിച്ചു, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങൾക്ക് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ സത്യം തെളിഞ്ഞത് പുനഃരന്വേഷണത്തിലായിരുന്നു.
പീഡനം നടന്ന സ്ഥലങ്ങൾ പുനരാവിഷ്കരിച്ചു
2020 ഫെബ്രുവരി ഏഴിന് സ്കൂൾ പ്രവൃത്തി ദിവസം ഉച്ചക്ക് 12.04ന് കുട്ടിയുടെ ക്ലാസ് ടീച്ചറല്ലാത്ത പ്രതി കുട്ടിയുടെ ഉമ്മയുടെ ഫോണിലേക്ക് വിളിക്കുകയും 110 സെക്കൻഡ് സംസാരിക്കുകയും ചെയ്തു. സിഡിആർ പരിശോധനയിൽ സ്കൂളിലെ മറ്റൊരു കുട്ടിയുടെയും രക്ഷിതാവിനെ ഈ അധ്യാപകൻ വിളിച്ചിട്ടുമില്ല. പെൺകുട്ടിയിൽ നിന്നു പോലീസ് എടുത്ത പത്ത് മൊഴികളിലും പീഡന വിവരം പറയുന്നുണ്ട്.
എൽഎസ്എസ് പരീക്ഷക്ക് തെരഞ്ഞെടുക്കപ്പെട്ട 18 കുട്ടികളിൽ ഒരാളായ പെൺകുട്ടിക് മാനസിക പ്രശ്നങ്ങൾ ഒന്നുമില്ലെന്നു പരിശോധനയിൽ വ്യക്തമായിരുന്നു. കടവത്തൂരിലെ ഒരു സ്ത്രീയുമായി പ്രതിക്ക് സദാചാരവിരുദ്ധ ബന്ധമുള്ളതായും ഈ വിഷയവുമായി ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ ഊമക്കത്തുകൾ പ്രചരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ വനിതാ പോലീസ് ഉദ്യാഗസ്ഥ കുട്ടിയുമായി നിരന്തരം ഇടപഴകിയും നിരീക്ഷിച്ചും കുട്ടിയിൽ വിശ്വാസം നേടിയെടുത്ത ശേഷവുമാണ് സത്യം പറയാനുള്ള മാനസികവസ്ഥയിൽ കുട്ടിയെ എത്തിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
സ്കൂളിലെ സ്റ്റേജിൽ പ്രവർത്തിക്കുന്ന ക്ലാസിന്റെ രണ്ടര മീറ്റർ അകലത്തിലുള്ള ശുചിമുറിയിൽ പീഡനം നടന്നാൽ ക്ലാസ് മുറിയിൽ നിന്നും കാണുമെന്ന വാദമാണ് ആദ്യ അന്വേഷണ സംഘങ്ങൾ കണ്ടെത്തിയത്. എന്നാൽ, രണ്ടര മീറ്റർ അകലത്തിലുള്ള ശുചിമുറി രണ്ടര മീറ്റർ താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നതെന്നും ക്ലാസിൽ നിന്നു ശുചിമുറിയുടെ മേൽക്കൂര മാത്രമേ കാണാൻ കഴിയൂവെന്ന കാര്യം രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്ലാസ് മുറിയുടെ പുനഃരാവിഷ്കാരത്തിലൂടെ കണ്ടെത്തുകയായിരുന്നു.
മുമ്പ് സ്കൂളിൽ പഠിച്ചിരുന്ന കുട്ടികളെയും അധ്യാപകരെയും ഉപയോഗിച്ചാണ് ക്ലാസ് റൂം പുനഃരാവിഷ്കരിച്ചത്. മാത്രവുമല്ല, പെൺകുട്ടികളുടെ ശുചിമുറിയിൽ വച്ചാണ് പീഡനം നടന്നുവെന്നാണ് പരാതിയെന്നായിരുന്നു ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, പെൺകുട്ടികളുടെ ശുചിമുറിക്കു മുന്നിലുള്ള, ക്ലോസറ്റുള്ള, അധ്യാപകർ ഉപയോഗിക്കുന്ന കുളി മുറിയിൽ വച്ചാണ് പീഡനം നടന്നതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ഇരു ശുചിമുറികളും മുഖാമുഖമാണുള്ളത്. ഇവയെല്ലാം അന്വേഷണ സംഘം ചിത്രീകരിച്ച് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് പീഡനക്കേസിൽ ഇത്തരം ഒരു ക്ലാസ് റൂം പുനഃരാവിഷ്കാരം നടന്നത്.2020 മാർച്ച് മൂന്നിന് ബന്ധുവായ കുട്ടിയോടൊപ്പം കളിക്കുമ്പോഴാണ് പെൺകുട്ടി ആദ്യമായി പീഡന വിവരം പുറത്തു പറഞ്ഞത്. വിവിധ ഘട്ടങ്ങളിലായി പത്തു തവണയാണ് പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
പെൺകുട്ടി ശുചിമുറിയിൽ പോയ സമയത്ത് അവിടെ പദ്മരാജനെ കണ്ടിരുന്നതായി സാക്ഷി മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. പീഡനം നടക്കുന്ന സമയത്ത് പെൺകുട്ടിക്ക് പത്തര വയസ് മാത്രമാണ് പ്രായം. പൗരത്വ ഭേദഗതി ഉൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങൾ കടന്നു വന്ന ഈ കേസ് വർഷങ്ങളോളമാണ് കേരളം ചർച്ച ചെയ്തത്.
ദുരൂഹതയുണർത്തിയ അന്വേഷണം
2020 മാർച്ച് മാർച്ച് 16നാണ് പഠിപ്പിക്കുന്ന സ്കൂളിലെ പത്തുവയസുകാരിയെ അധ്യാപകനും ബിജെപി നേതാവുമായ കുനിയിൽ പദ്മരാജൻ പീഡിപ്പിച്ചുവെന്ന് കാണിച്ച് കുട്ടിയുടെ ബന്ധുക്കൾ തലശേരി ഡിവൈഎസ്പി ക്ക് പരാതി നൽകുന്നത്. സംഭവത്തിൽ പാനൂർ പോലീസ് കേസെടുത്തു. അന്നത്തെ പാനൂർ സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചു. എന്നാൽ, പ്രതിയെ അറസ്റ്റ് ചെയ്യാനോ മറ്റ് നടപടിയെടുക്കാനോ പോലീസ് തയാറായില്ല.
ഇതോടെ ജനകീയ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. പ്രതിഷേധങ്ങൾ രൂക്ഷമായപ്പോൾ 2020 ഏപ്രിൽ 15ന് ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പദ്മരാജനെ അന്നത്തെ തലശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കോവിഡ് കാലത്ത് സെൻട്രൽ പൊയിലൂർ പ്രദേശം വളഞ്ഞ് വീടുകളിൽ റെയ്ഡ് നടത്തി പ്രതിയെ ഒളിവിൽ പാർപ്പിക്കുന്നവർ പ്രതികളാകും എന്ന മുന്നറിയിപ്പ് അനൗൺസ്മെന്റ് നടത്തിയും പ്രതിയെ ഒളിയിടത്തിൽ നിന്നും പുറത്ത് ചാടിച്ചാണ് അറസ്റ്റ് നടത്തിയത്.
എന്നാൽ, കടുത്ത സമ്മർദത്തെ തുടർന്നാണ് അറസ്റ്റെന്നും കേസ് ക്രൈം ബ്രാഞ്ചിന് വിടണമെന്ന് ലോക്കൽ പോലീസ് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിൽ പെൺകുട്ടിയെ പല തവണ ചോദ്യം ചെയ്ത അന്വേഷണ സംഘം കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവും ഉയർന്നു. തുടർന്ന് അന്വേഷണ സംഘത്തെ മാറ്റുകയും കേസ് 2020 ഏപ്രിൽ 24ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.
റിമാൻഡിൽ കഴിഞ്ഞിരുന്ന പദ്മരാജൻ തലശേരി സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളി. അറസ്റ്റിലായി 90 ദിവസം പൂർത്തിയാകാനായിട്ടും കുറ്റപത്രം നൽകാത്തതിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടേയും സംഘടനകളുടേയും നേതൃത്വത്തിൽ ജനകീയ സമരങ്ങളും നടന്നു. തുടർന്ന് 90 ദിവസം പൂർത്തിയാകുന്നതിന് മണിക്കൂറുകൾ ബാക്കിയുളളപ്പോൾ ജൂലൈ 14ന് ക്രൈം ബ്രാഞ്ച് ഭാഗിക കുറ്റപത്രം സമർപ്പിച്ചു.
ഇതിൽ പോക്സോ ഒഴിവാക്കി ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75,82 വകുപ്പുകളാണ് ചുമത്തിയിരുന്നത്. ജാമ്യം ലഭിക്കാവുന്ന തരത്തിൽ വളരെ ദുർബലമായ വകുപ്പുകളാണ് ക്രൈംബ്രാഞ്ച് ചുമത്തിയതെന്ന് വ്യാപക വിമർശനം ഉയർന്നു. ശാസ്ത്രീയ തെളിവുകൾ ഇല്ലാത്തതിനാലാണ് പോക്സോ വകുപ്പുകൾ ചുമത്താതിരുന്നതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്.
2020 ജൂലൈ 16ന് പദ്മരാജന് തലശേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചു. ഗൈനക്കോളജിസ്റ്റ് പീഡനം സ്ഥിരീകരിച്ചിട്ടും പെൺകുട്ടിയുടെ മാനസിക നിലയിൽ സംശയം പ്രകടിപ്പിച്ച് കുട്ടിയെ മന:ശാസ്ത്ര വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കാനായി കോഴിക്കോട് കൊണ്ടുപോയതും വിവാദമായിരുന്നു. കേസിൽ പോലീസ് പോക്സോ നിയമലംഘനങ്ങൾ നടത്തിയെന്ന് അന്നത്തെ ശിശുക്ഷേമ സമിതി അധ്യക്ഷൻ ഇ.ഡി. ജോസഫ് വ്യക്തമാക്കിയിരുന്നു.
കണ്ണൂരിൽ കൗൺസിലിംഗ് കേന്ദ്രങ്ങളുണ്ടായിട്ടും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (ശിശുക്ഷേമ സമിതി) അറിയിക്കാതെ നാലാം ക്ലാസുകാരിയെ പോലീസ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിയുടെ അറസ്റ്റിന് ശേഷവും കേസ് അട്ടിമറിക്കാനുളള നീക്കവും ഭീഷണി ഉണ്ടാകുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയതും വൈകിയാണ്.
- സ്വന്തം ലേഖകൻ

