അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവം :പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും

LD-CRIMEBLOODകൊല്ലം: അന്യസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഈസ്റ്റ് പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി ഷഹന്‍ഷാ എന്ന സൂര്യയുടെ (20) ദുരൂഹമരണത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ വാസീ(31)മിനെയാണ്  ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയത് . ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരം വ്യക്തമാകുമെന്ന് പോലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ നിന്നും കഴിഞ്ഞ രണ്ടു മാസം മുന്‍പ് ചാമക്കട പുകയില പണ്ടകശാല പാലത്തിനടുത്ത് മുംതാസ് മന്‍സിലില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു  ഷഹന്‍ഷാ. ഇയാളോടൊപ്പം താമസിച്ചിരുന്നയാളായിരുന്നു വാസിം.  ഷെഹന്‍ഷായുടെ മരണം  പോലീസിന്റെ  അന്വേഷണത്തിലൂടെ കൊലപാതകമാണെന്ന് തെളിയുകയും തുടര്‍ന്ന് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. മരണപ്പെട്ട ഷഹന്‍ഷായുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

പ്രതി ഉത്തര്‍പ്രദേശ് സ്വദേശിയായ വാസീംമരണപ്പെട്ട ഹന്‍ഷായെ കൂടാതെ മറ്റ് അഞ്ച് ഉത്തര്‍പ്രദേശ് സ്വദേശികളേയും കൂട്ടി കരാര്‍ അടിസ്ഥാനത്തില്‍ ബെഡ്ഷീറ്റ് കച്ചവടം നടത്തി വരികയായിരുന്നു. 10 ദിവസം മുന്‍പ് പൂയപ്പള്ളിയില്‍ കച്ചവടത്തിനായി പോയി മടങ്ങി വരവേ ഷഹന്‍ഷായുടെ കാലിന് മുടന്തു കണ്ട് വിവരം തിരക്കിയപ്പോള്‍ വീണ് പരുക്ക് പറ്റിയതാണെന്നു പറഞ്ഞുവത്രെ.

ആശുപത്രിയില്‍ ചികിത്സ തേടാതെ വേദനസംഹാരി ഗുളികകളും മറ്റും വാങ്ങി വാടക വീട്ടില്‍വിശ്രമിച്ചു വരവേ പ്രതി വാസിമിന്റെ 1200 രൂപ കൊലചെയ്യപ്പെട്ട ഷഹന്‍ഷാ മോഷ്ടിച്ച് മദ്യപിച്ചു എന്ന കാരണത്താല്‍ ഷെഹന്‍ഷായെ മുറിക്കുള്ളില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ശാരീരിക ഉപദ്രവങ്ങള്‍ ഏല്പിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.  തുടര്‍ന്ന് നെഞ്ചെല്ല് തകര്‍ന്ന് ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം ഏല്ക്കുകയും പിന്നീട് മരണപ്പെടുകയും  ചെയ്തതായാണ് പ്രാഥമിക വിവരം . പ്രതിയും മറ്റും ചേര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

ഇന്‍ക്വസ്റ്റ് തയാറാക്കുന്ന വേളയില്‍ ഈസ്റ്റ്  പോലീസിന് മരണകാര്യത്തില്‍ സംശയം തോന്നുകയും തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു.  മെഡിക്കല്‍കോളേജ് ഫോറന്‍സിക് വിഭാഗം പ്രഫ. ആന്റ് പോലീസ് സര്‍ജന്‍ ഡോ.കെ.വത്സല പോസ്റ്റുമോര്‍ട്ടം പരിശോധന നടത്തുകയും മരണകാരണം ശരീരത്തിലേറ്റ ക്ഷതങ്ങളും നെഞ്ചെല്ല് തകര്‍ന്നതില്‍ വച്ചാണെന്ന് കണ്ടെത്തുകയും ചെയ്തു.

പോലീസ് സര്‍ജന്‍ ഡോ.കെ.വത്സലയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ച് പോലീസ് അന്വേഷണത്തെ സഹായിക്കുകയും ചെയ്തു.  ദൃക്‌സാക്ഷികള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന കൊലപാതക കേസില്‍ പോലീസിന് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ കുറ്റാന്വേഷണ രീതിയിലൂടെയാണ് കേസിലെ കുറ്റം തെളിയിക്കപ്പെട്ടതും പ്രതിയെ അറസ്റ്റു ചെയ്തതും.

Related posts