അമോണിയ നീക്കം ഭൂഗര്‍ഭ കുഴലിലൂടെയാക്കണം: ഏലൂര്‍ നഗരസഭ

EKM-AMONIAകളമശേരി: അമ്പലമുകളില്‍  നിന്ന് ഏലൂര്‍ ഫാക്ടിലേക്ക് അമോണിയ കൊണ്ടുവരുന്നത് ഭൂഗര്‍ഭ കുഴലിലൂടെയാക്കണമെന്ന് ഏലൂര്‍ നഗരസഭ ആവശ്യപ്പെട്ടു. ജലമാര്‍ഗം കൊണ്ടുവരുന്നതിനിടെ ബാര്‍ജ് ചോര്‍ന്ന് അപകടം സംഭവിച്ച പശ്ചാത്തലത്തിലാണ് നഗരസഭ ഈ നിര്‍ദേശം മലിനീകരണ നിയന്ത്രണ ബോര്‍ഡിന് സമര്‍പ്പിച്ചത്. അതുപോലെ കര മാര്‍ഗം സോഡിയം ക്ലോറൈഡ്, സള്‍ഫര്‍ എന്നിവ കൊണ്ടു പോകുന്നതും നിര്‍ത്തിവയ്ക്കണമെന്നും നഗരസഭ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. പകരം ജലമാര്‍ഗം ഇവ കൊണ്ടുവരണം.

നിലവില്‍ ഫാക്ട് ബാര്‍ജ് വഴി സള്‍ഫര്‍ കൊണ്ടുവരുന്നുണ്ട്. ടിസിസിയാണ് സോഡിയം ക്ലോറൈഡ് (ഉപ്പ്) പ്രധാനമായും കൊണ്ടുവരുന്നത്. പെരിയാറിലെ മാലിന്യതോത് കുറയ്ക്കാനും സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനുമാണ് ഏലൂര്‍ നഗരസഭ 10 ഇന നിര്‍ദേശങ്ങള്‍ മലിനീകരണ ബോര്‍ഡിന് സമര്‍പ്പിച്ചത്. വികസന സ്റ്റാന്‍ഡിംഗ് സമിതി ചെയര്‍പേഴ്‌സണ്‍ ഉഷയാണ് നിര്‍ദേശങ്ങള്‍ ഇന്നലെ ഏലൂരില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ വച്ച് കൈമാറിയത്.

എടയാറില്‍ കമ്പനികള്‍ക്കായി പൊതു ട്രീറ്റ്‌മെന്റ് പ്ലാന്റ് പണിയുക. നിരീക്ഷണ ബോട്ട് ഉപയോഗിച്ച് 24 മണിക്കൂര്‍ പരിശോധന നടത്തുക. പുഴയിലേക്ക് മലിനജലം തള്ളാന്‍ സ്ഥാപിച്ചിട്ടുള്ള ഭൂഗര്‍ഭ കാലുകള്‍ മാറ്റുക. പെരിയാറിലെ പായല്‍ നീക്കം ചെയ്യുക. പാതാളം, മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ ബ്രിഡ്ജുകള്‍ ദിവസവും ഉയര്‍ത്തുക. പെരിയാറിന്‍െറ തീരത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് അഥോറിറ്റി രൂപീകരിക്കണം തുടങ്ങിയവയാണ് ഏലൂര്‍ നഗരസഭ  സമര്‍പ്പിച്ച മറ്റു നിര്‍ദ്ദേശങ്ങള്‍.

Related posts