അറസ്റ്റിലായ പിടികിട്ടാപ്പുള്ളിക്ക് അമിത സ്വാതന്ത്ര്യം നല്കിയത് വിവാദത്തില്‍; എഡിജിപി റിപ്പോര്‍ട്ടു തേടി

kkd-prathikകോഴിക്കോട്: വധശ്രമക്കേസില്‍ അറസ്റ്റിലായ പിടികിട്ടാപ്പുള്ളിക്ക് ജില്ലാ  ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയില്‍ അമിതസ്വാതന്ത്ര്യം നല്കിയ പോലീസ് നടപടി വിവാദത്തില്‍. കൊടുവള്ളി മാനിപുരം സ്വദേശി മുഹമ്മദ് സാനുവിനെ(19) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പ്രകാരം കഴിഞ്ഞ ദിവസം കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി ഡിസിആര്‍ബിക്ക് കൈമാറിയ താമരശേരി കുടുക്കിലമ്മാരം സ്വദേശി കുടുക്കില്‍ നാദിറിന്(33) ഇതേ കേസിലെ പ്രതിക്കൊപ്പം നിന്ന് ഫോട്ടൊയെടുക്കാനും ഫോണ്‍ ചെയ്യാനും സൗകര്യം ചെയ്തുകൊടുത്തതാണ് വിവാദമായത്. ചട്ടലംഘനം നടത്തിയ സംഭവത്തില്‍ ഉത്തരമേഖലാ എഡിജിപി നിതിന്‍ അഗര്‍വാള്‍ ഡിസിആര്‍ബി അസി. കമ്മീഷണര്‍ കെ.സുബൈറിനോട് റിപ്പോര്‍ട്ട് തേടി.

വധശ്രമത്തിനുശേഷം ദുബായിലേക്കു രക്ഷപെട്ട നാദിറിനെതിരെ മുന്‍  അന്വേഷണ ഉദ്യോഗസ്ഥന്‍ ഇ.പി.പൃഥ്വിരാജ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച്, കഴിഞ്ഞദിവസം കരിപ്പുരില്‍ ഇറങ്ങിയ നാദിറിനെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ച് പോലീസിനു കൈമാറി. ഡിസിആര്‍ബിയുടെ ചുമതലയുള്ള കണ്‍ട്രോള്‍റൂം അസി. കമ്മീഷണര്‍ കെ.സുബൈറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോഴിക്കോട് ഡിസിആര്‍ബി ഓഫീസില്‍ എത്തിച്ചു.

അസി. കമ്മീഷണറുടെ ചേംബറില്‍ ഇരുത്തി വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിന്റെയും മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിന്റെയും ചിത്രം മിനിട്ടുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വന്നതോടെയാണ് സംഭവം പുറത്തായത്.ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായ കൊടുവള്ളി മണ്ണില്‍ക്കടവ് സ്വദേശി കുന്നുമ്മല്‍ മുസ്തഫ ഇമ്പച്ചനൊപ്പം(33) നാദിര്‍ ഡിസിആര്‍ബി ഓഫീസില്‍ ഇരിക്കുന്ന ചിത്രം മുസ്തഫ ഇമ്പച്ചന്‍ തന്നെയാണ് സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. അറസ്റ്റിലായ പിടികിട്ടാപ്പള്ളിക്ക് ഇത്തരം സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത് ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും എഡിജിപി നിതിന്‍ അഗര്‍വാള്‍ രാഷ് ട്രദീപികയോടു പറഞ്ഞു.

Related posts