മാന്‍സിംഗ്, പാന്‍സിംഗ് തോമാര്‍, ഫൂലന് ദേവി, ജഗ്ജീവന് പരിഹാര്‍, പുത്ലി ഭായി…. ചമ്പല്‍ക്കാടിനെ മാത്രമല്ല രാജ്യത്തെ തന്നെ വിറകൊള്ളിച്ച കൊള്ളക്കാര്‍. തൊണ്ണൂറുകളില്‍ തന്നെ ചമ്പല്‍ കൊള്ളക്കാരുടെ പ്രതാപകാലം ഏതാണ്ട് അവസാനിച്ചിരുന്നു. പക്ഷെ പൂര്‍വികരെപ്പോലെ രാജ്യത്തുടനീളം പ്രശസ്തരായില്ലെങ്കിലും ചമ്പലില്‍ കൊള്ളത്തലവന്മാര് പിന്നെയും ജനിച്ചു. പിന്നീട് മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് 21ന് പുലര്‍ച്ചെ ചമ്പലിലെ അവസാനത്തെ കൊള്ളത്തലവനും പോലീസിന്റെ വെടിയുണ്ടകള്‍ക്കിരയായി. ഷിയോപുര്‍ ജില്ലയിലെ വനമേഖലയില്‍ നടന്ന പോരാട്ടത്തിലാണ് ഭരോസി മല്ല എന്ന 55കാരന് കൊല്ലപ്പെട്ടത്. കൊള്ളസംഘത്തിലുള്ള മറ്റുള്ളവര്‍ രക്ഷപെട്ടു. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, കൊള്ള തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ ഭരോസി മല്ല 36 വര്‍ഷക്കാലം മധ്യപ്രദേശിലേയും രാജസ്ഥാനിലേയും പോലീസിന് തലവേദനയായിരുന്നു. രണ്ട് സംസ്ഥാനങ്ങളും മല്ലയെ പിടികൂടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പതിനെട്ടോളം കേസുകളില്‍ പ്രതിയായിരുന്നു ഭരോസി മല്ല.
ഒടുങ്ങിയത് ഒറ്റില്‍
സ്വന്തം സമുദായമായ മല്ല വിഭാഗത്തില്‍പ്പെട്ടവര്‍ തന്നെയാണ് ഭരോസി മല്ലയെ പോലീസിന് ഒറ്റിക്കൊടുത്തത്. അതിനിടയാക്കിയത് ഒരു തട്ടിക്കൊണ്ടു പോകലും. യഥാര്‍ഥത്തില്‍ സ്വന്തം സമുദായം തന്നെയായിരുന്നു ഭരോസി മല്ലയുടെ ബലം. പോലീസിന് പിടികൊടുക്കാതെ പലപ്പോഴും രക്ഷപെടാന്‍ മല്ലയെ സഹായിച്ചതും ഈ സമുദായബന്ധമായിരുന്നു. പക്ഷെ സെപ്റ്റംബറില്‍ തേജ്പാല്‍ മല്ലയെന്നയാളെ ഭരോസി മല്ല തട്ടിക്കൊണ്ടു പോയതോടു കൂടി മല്ല സമുദായത്തില്‍ രണ്ടു പക്ഷമുണ്ടായി. പോലീസ് ഇന്‍ഫോര്‍മര്‍ എന്ന് ഭരോസി മല്ല സംശയിച്ചയാളുടെ മകനായിരുന്നു തേജ്പാല്‍. പത്തു ലക്ഷം രൂപ മോചനദ്രവ്യം ലഭിച്ചില്ലെങ്കില്‍ തേജ്പാലിനെ വധിക്കുമെന്ന് ഭരോസി മല്ല പോലീസിനെ അറിയിക്കുകയും ചെയ്തു.
പക്ഷെ കാര്യങ്ങള്‍ ഭരോസി മല്ല വിചാരിച്ചതുപോലെയല്ല നടന്നത്. തേജ്പാലിനെ തട്ടിക്കൊണ്ടു പോയത്് മല്ല സമുദായത്തില്‍ കടുത്ത എതിര്‍പ്പിനിടയാക്കി. ഒടുവില്‍ മല്ലയ്ക്ക് തേജ്പാലിനെ നിരുപാധികം മോചിപ്പിക്കേണ്ടി വന്നു. എങ്കിലും ഇതിന് കനത്ത വിലയാണ് മല്ലയ്ക്ക് നല്‍കേണ്ടി വന്നത്. മല്ലയെ എതിര്‍ത്തിരുന്ന ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ പോലീസിന് വിവരം നല്കാന് തന്നെ തീരുമാനിച്ചു. ഷിയോപൂരിലെ വനമേഖലകള്‍ വഴിയായിരുന്നു ഭരോസി മല്ല രാജസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നത്. മല്ലയുടെ ഇത്തരമൊരു യാത്രയെപ്പറ്റി അവര്‍ പോലീസിന് വിവരം നല്കി.
ഓഗസ്റ്റ് 20 ശനിയാഴ്ച ഭരോസി മല്ലയും സംഘാംഗങ്ങളും ഒളിച്ചു താമസിച്ചിരുന്ന നാഡി എന്ന ഗ്രാമത്തിലേക്ക് പോലീസ് സംഘമെത്തി. ചമ്പല്‍ നദിക്കു സമീപമായിരുന്നു ഈ ഗ്രാമം. ഒന്നാന്തരം നീന്തല്‍ വിദഗ്ധനായിരുന്ന മല്ല നദിയില്‍ ചാടി രക്ഷപെടാതിരിക്കാന്‍ പോലീസ് ശ്രദ്ധിച്ചു. ഞായറാഴ്ച പുലര്‍ച്ചവരെ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവില്‍ ഭരോസി മല്ല വേടിയേറ്റു വീണു.
മല്ലയെ ജീവനോടെ പിടികൂടാനായിരുന്നു പോലീസിന്റെ ശ്രമം. അഞ്ചു പേരായിരുന്നു മല്ലയ്ക്കൊപ്പം ഉണ്ടായിരുന്നത്. പോലീസ് സംഘത്തെ കണ്ടയുടന്‍ മല്ലയും സംഘവും വെടിവച്ചു. ഇതോയെ പോലീസ് തിരിച്ചു വെടിവയ്ക്കുകയായിരുന്നു. 35 റൗണ്ട് പോലീസ് വെടിവച്ചു. മല്ലയുടെ ഒരു ബന്ധുവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മല്ലയും സംഘവും വലിയൊരു കുറ്റകൃത്യം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നുവെന്നും തങ്ങള്‍ അത് തകര്‍ത്തെന്നും പോലീസ് പിന്നീട് അറിയിച്ചെങ്കിലും എന്താണ് ആ കുറ്റകൃത്യമെന്ന് അവര്‍ പറഞ്ഞില്ല.
ആ അഞ്ചു പേര്
മല്ലയുടെ മരണത്തോടുകൂടി ചമ്പലിലെ കൊള്ളക്കാരുടെ കാലം കഴിഞ്ഞെന്നാണ് മധ്യപ്രദേശിലെ പോലീസിന്റെ അഭിപ്രായം . ചെറിയ ചെറിയ ഗുണ്ടാ സംഘങ്ങള്‍ മേഖലയില്‍ ഉണ്ടെങ്കിലും വന്‍കൊള്ള സംഘങ്ങള്‍ ഇനിയില്ലെന്നു തന്നെ അവര്‍ ഉറപ്പിക്കുന്നു. പോലീസ് ലിസ്റ്റിലെ അവസാനത്തെ ചമ്പല്‍ കൊള്ളത്തലവനാണ് ഭരോസി മല്ല.
യൗവ്വനത്തില്‍ തന്നെ കൊള്ളസംഘങ്ങളില്‍ ചേര്‍ന്ന കുറേക്കാലമായി രംഗത്ത് സജീവമാകാതെ നില്‍ക്കുകയായിരുന്നു. രണ്ടു കൊല്ലം മുമ്പാണ് മല്ല വീണ്ടും കുറ്റകൃത്യങ്ങളുമായി ചമ്പലില്‍ വിലസാന്‍ തുടങ്ങിയത്. മല്ലയ്ക്കൊപ്പമുണ്ടായിരുന്ന ആ അഞ്ചു പേരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും അത് മറ്റൊരു തലവേദനയാകാനുള്ള സാധ്യതയേറെയാണ്. നേതാവിന്റെ മരണത്തിനു പകരം വീട്ടുകയും അങ്ങനെ മറ്റൊരു നേതാവുയര്‍ന്നു വരുന്നതും ഇത്തരം സംഘങ്ങളുടെയിടയില് സാധാരണമാണ്. രക്ഷപെട്ട അഞ്ചുപേരില്‍ ഒരാള്‍ മല്ലയുടെ ബന്ധുവാണ്.
മല്ലയുടെ മരണത്തോടെ രക്ഷപെട്ട മറ്റൊരു കൂട്ടര് ഖിര്കായി എന്നറിയപ്പെടുന്ന ചമ്പലിലെ നാടോടികളായ കാലി വളര്‍ത്തലുകാരാണ്. പശുക്കളേയും എരുമകളേയും ആടുകളേയും അവര്‍ വനത്തില്‍ ഏതെങ്കിലുമൊരിടത്ത് കുറച്ചു കാലത്തേക്ക് കൂട്ടമായി കൊണ്ടുവരാറുണ്ട്. കാലികള്‍ അവര്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് ഇങ്ങനെയാണ്. മല്ലയും സംഘവും ഇവര്‍ക്കൊരു ഭീഷണിയായിരുന്നു. ആഴ്ചയില്‍ 50,000 രൂപ വരെ ഇവരെ ഭീഷണിപ്പെടുത്തി മല്ലയും സംഘവും കൈക്കലാക്കുമായിരുന്നു.