കോട്ടയം: ആനകളെ സ്നേഹിച്ച ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവന് ആനക്കലിയില്‍ അവസാനിച്ചു. കഴിഞ്ഞ ദിവസം കറുകച്ചാലില്‍ ഇടഞ്ഞ കൊമ്പന് ശാന്തിഭവനില്‍ ഗോപിനാഥന്‍പിള്ളയെ(60) കുത്തിക്കൊലപ്പെടുത്തിയപ്പോള്‍ സഹോദരങ്ങള്‍ക്കുണ്ടായ അതേ ദുര്‍വിധി തന്നെയാണ് ഗോപിനാഥന് പിള്ളയേ യും കാത്തിരുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഗോപിനാഥന് പിള്ളയുടെ സഹോദരങ്ങളായ ഗോപാലകൃഷ്ണപിള്ളയും രാഘവന്‍പിള്ളയും ആനക്കലിക്ക് ഇരയായവരായിരുന്നു.
1985-ല്‍ മല്ലപ്പള്ളി സ്വദേശിയുടെ ഇടഞ്ഞ ആന മല്ലപ്പള്ളി വൈഎംസിഎ ജംഗ്ഷനില്‍ ഗോപാലകൃഷ്ണപിള്ളയെ കൊലപ്പെടുത്തി. വര്‍ഷങ്ങള്‍ക്കു മുമ്പ് കോട്ടയത്തിനു സമീപം മദമിളകിയ ആന രാഘവന്‍പിള്ളയെയും കൊലപ്പെടുത്തി. ഈ സീസണ് തീരുന്നതോടെ ആനപ്പണി നിര്‍ത്താനായിരുന്നു ഗോപിനാഥന് പിള്ളയുടെ തീരുമാനം. പണത്തിന്റെ ആവശ്യകതയും വേറെ ജോലി ചെയ്യാന്‍ താല്പര്യമില്ലാത്തതുമായിരുന്നു ഗോപിനാഥന് പിള്ളയെ പാപ്പാന് ജോലിയില്‍ പിടിച്ചു നിര്‍ത്തിയത്.
ആനയോട് സൗമന്യായാണ് എന്നും ഗോപിനാഥന്‍പിള്ള പെരുമാറിയിരുന്നത്. രണ്ടാനകളുടെ ചുമതലയായിരുന്നു ഗോപിനാഥന് പിള്ളയ്ക്കുണ്ടായിരുന്നത്. രണ്ടാനകളുട ചുമതലയുള്ള അപൂര്‍വം പാപ്പാന്മാരിലൊരാളായിരുന്നു ഗോപിനാഥന് പിള്ള. ഗോപിനാഥന് പിള്ളയുടെ സംസ്കാരം ഇന്നു മൂന്നിനു വീട്ടുവളപ്പില്‍. രക്തനമ്മയാണ് ഗോപിനാഥന് പിള്ളയുടെ ഭാര്യ. മക്കള്‍: ബിന്ദു, സന്തോഷ്, മരുമകന്: അനില്‍.