മുക്കം: ആഫ്രിക്കന്‍ ഒച്ചുകളുടെ ഉപദ്രവത്തില്‍നിന്ന് മോചനത്തിന് ബഹുമുഖ കര്‍മപദ്ധതി. തിരുവമ്പാടി, കാരശേരി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ ഉപദ്രവം നേരിടാന്‍ ഇരുപഞ്ചായത്തുകളും ചേര്‍ന്ന് ഇന്നലെ കുമാരനെല്ലൂര്‍ സാംസ്കാരിക നിലയത്തില്‍ വിളിച്ചുചേര്‍ത്ത ജനകീയ കണ്‍വന്‍ഷനാണ് ഒച്ചുകളെ നിര്‍മാര്‍ജനം ചെയ്യാന്‍ പദ്ധതി തയാറാക്കിയത്.
തിരുവമ്പാടി പഞ്ചായത്തും വെള്ളരിച്ചാല്‍, ചെറുപ്രഭാഗങ്ങളിലും കാരശേരി പഞ്ചായത്തിലെ തടപ്പറമ്പ് , പാലിയില്‍, കുമാരനല്ലൂര്‍ ഭാഗങ്ങളിലുമാണ് ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം അനുഭവപ്പെടുന്നത്. ഇവയെ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കണ്വന്ഷന് കണ്ടെത്തി.
അതിനായി നിരന്തരം പുകയില കഷായം പ്രയോഗിക്കാനാണ് തീരുമാനം. അതിനുള്ള തയാറെടുപ്പിനും ബോധവത്കരണത്തിന്നും പ്രാദേശിക കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കും. പുകയില കഷായ പ്രയോഗം 9ന് മൂന്നുമണിക്ക് തുടങ്ങും. എല്ലായിടത്തും ഒരേസമയം പ്രയോഗിക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലും ആവര്‍ത്തിക്കും.കണ്‍വന്‍ഷനില്‍ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.ടി.അഗസ്റ്റിന് അദ്ധ്യക്ഷത വഹിച്ചു. കാരശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.വിനോദ് സ്വാഗതം പറഞ്ഞു. ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി പി.വി സജീവ്, മനിത എന്നിവര്‍ ക്ലാസെടുത്തു. ഗീത വിനോദ്, അബ്ദുള്ള കുമാരനെല്ലൂര്‍, കെ.പി. ഗോപാലന്, കൃഷി ഓഫീസര്‍ ശുഭ എന്നിവരും സംസാരിച്ചു.