വടകര: റംസാനിലെ 27-ാം ദിവസത്തെ നോമ്പുനോല്‍ക്കലും നോമ്പുതുറയും മുടക്കാതെ വടകര പുറങ്കരയിലെ പി.എസ്. രഞ്ജിത്ത്കുമാര്‍. വര്‍ഷങ്ങളായി രഞ്ജിത്ത് കുമാറും കുടുംബവും ഈ ശീലം പതിവാക്കിയിരിക്കുകയാണ്. സാമൂഹിക- രാഷ്ട്രീയ മേഖലകളില്‍ തിളങ്ങുന്ന രഞ്ജിത്ത് കുമാറിനെ ഇൗ നോമ്പുകാലത്തുതന്നെയാണ് വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. തന്റെ കുടുംബത്തില്‍ എത്രകാലങ്ങളായി 27-ാം നോമ്പുനോല്‍ക്കലും നോമ്പുതുറയും തുടങ്ങിയിട്ടെന്ന് ഇദ്ദേഹം ഓര്‍ക്കുന്നില്ല.
ഓര്‍മവെച്ച കാലംമുതല്‍ കണ്ടുശീലിച്ചതാണ് അയല്‍ക്കാരും മുസ്ലീം സുഹൃത്തുക്കളും ഒത്തുചേരുന്ന ഈ ഇഫ്താര്‍ സംഗമം. ഇത്തവണയും അച്ഛന്‍ രാഘൂട്ടിക്കും കുടുംബത്തിനുമൊപ്പം രഞ്ജിത്ത്കുമാര്‍ നോമ്പുനോറ്റു. അയല്‍ക്കാരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് നോമ്പുതുറയില്‍ പങ്കെടുത്തത്. പരിശുദ്ധ റംസാനിലെ മതസാഹോദര്യത്തിന്റെ മാതൃക ഇപ്പോഴും പിന്തുടരുന്നതാണ് തന്റെ പുണ്യമെന്ന് രഞ്ജിത്ത്കുമാര്‍ പറഞ്ഞു.
