ആരു വരും, ഈ നടപ്പാലത്തെ രക്ഷിക്കാന്‍

TCR-PALAMഇരിങ്ങാലക്കുട: രണ്ടു നാട്ടുരാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ഒരു നാടിന്റെ വാണിജ്യ-വ്യവസായ-സാംസ്കാരിക വളര്‍ച്ചയില്‍ തുല്യപ്രാധാന്യം നല്‍കിയ കാട്ടൂര്‍ നടപ്പാലത്തെ സംരക്ഷിക്കാന്‍ ആരു വരും?. ഈ നടപ്പാലത്തിലൂടെ കാട്ടൂര്‍ ഗ്രാമത്തിലേക്ക് കടന്നുവന്ന  മാര്‍ക്കറ്റ്, രണ്ടു രാജഭരണ പ്രദേശങ്ങള്‍ തമ്മിലുണ്ടായിരുന്ന വാണിജ്യ ഇടപാടുകള്‍, അവിടെ രൂപപ്പെട്ട സാംസ്കാരിക പശ്ചാത്തലം ഇവയെല്ലാം ഈ പഴഞ്ചന്‍ നടപ്പാലത്തിന്റെ തിരുശേഷിപ്പു കളാണ്. കാലക്രമത്തില്‍ അവഗണനകളുടെ മാറാപ്പ് ചുമക്കേണ്ടി വന്നെങ്കിലും ചരിത്രതാളുകളില്‍ ഈ നടപ്പാലത്തിന് ഏറെ കഥകള്‍ പറയാനുണ്ട്.  മലബാര്‍ ജില്ലാ കളക്ടറായിരുന്ന എച്ച്.വി. കാനോലി 1848 ല്‍ കോഴിക്കോട് മുതല്‍ കൊടുങ്ങല്ലൂര്‍ വരെ ജല ഗതാഗത മാര്‍ഗം എന്ന ഉദ്ദേശത്തോടെ പുഴകളെയും ജലാശയങ്ങളെയും കനാലുകളെയും സംയോജിപ്പിച്ച് ജലഗതാഗതം നിര്‍മിച്ചു.

ഇങ്ങനെയുണ്ടാക്കിയ തീരദേശ ജലഗതാഗതമാര്‍ഗമാണ് കാനോലി കനാല്‍. ഈ കനാലില്‍ പറയന്‍കടവില്‍ നിന്നുമാറി ബോട്ടുജെട്ടി ഉണ്ടായിരുന്നു. ഇതിനുസമീപം കെട്ടുവള്ളങ്ങളും, ബോട്ടുകളും അടുപ്പിക്കുന്നതിന് പ്രത്യേക സൗകര്യങ്ങളും ഉണ്ടായിരുന്നു. ബോട്ടുജെട്ടിക്കു സമീപം അങ്ങാടിക്കു വേണ്ട സ്ഥലം ചിലര്‍ നല്‍കിയതോടെ പറയന്‍കടവില്‍ നിന്ന് വ്യാപര കേന്ദ്രം താഴേക്കാട്ടങ്ങാടി എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ സ്ഥലത്തേക്ക് മാറുകയായിരുന്നു. ഈ കനോലി കനാലിന്റെ കിഴക്കേ ഓരം ചേര്‍ന്ന കിടന്ന കാട്ടൂര്‍ ഗ്രാമം അങ്ങനെ ഒരു വ്യാപാര കേന്ദ്രമായി രൂപപ്പെടുകയായിരുന്നു. വാടാനപ്പിള്ളി മുതല്‍ മതിലകം വരെയുള്ള തീരദേശവാസികളും, എടതിരിഞ്ഞി, കാറളം, ചിറക്കല്‍ തുടങ്ങിയ അയല്‍ പ്രദേശങ്ങളിലു ള്ളവരും പഴയകാലത്ത് ആശ്രയിച്ചിരുന്നത് കനോലി കനാലിനു സമീപമുള്ള കാട്ടൂര്‍ അങ്ങാടിയെയായിരുന്നു.

കാട്ടൂര്‍ ബസാര്‍ ആദ്യ കാലത്ത് പ്രധാന ചകിരി കച്ചോട കേന്ദ്രമായിരുന്നു. കണ്ടശാംകടവ്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളി ലേക്ക് ചകിരികള്‍ കെട്ടുവള്ളത്തില്‍ കൊണ്ടുപോയിരുന്നു. ഇതിന് ചില ഏജന്റുമാരും പ്രവര്‍ത്തിച്ചിരുന്നു. കൊച്ചിയില്‍ നിന്നും വ്യാപാര സാധനങ്ങള്‍ ഇവിടേക്കും വന്നിരുന്നു. ശനി, ചൊവ്വ ദിവസങ്ങളിലാണ് ഇവിടത്തെ പ്രധാന ചന്തകള്‍. പാലത്തിനു കിഴക്കു വശം കാട്ടൂര്‍ പഞ്ചായത്തുള്‍പ്പെടുന്ന പ്രദേശം കൊച്ചി സര്‍ക്കാരിന്റെ കീഴിലായിരുന്നു. പാലത്തിനു പടിഞ്ഞാറ് എടതിരുത്തി പ്രദേശം മദ്രാസ് സംസ്ഥാനത്തില്‍പ്പെടുന്ന സൗത്ത് മലബാര്‍ ഭരണത്തിന്റെ കീഴിലുമായിരുന്നു.

ഈ രണ്ടു പ്രദേശങ്ങളും രണ്ടു രാജ്യഭരണങ്ങളുടെ കീഴിലും. അതുകൊണ്ടു തന്നെ സാധനങ്ങള്‍ പരസ്പരം കൈമാറുമ്പോള്‍ ചുങ്കവും ഏര്‍പ്പെടുത്തിയിരുന്നു. കാട്ടൂര്‍ മാര്‍ക്കറ്റിനു സമീപം ചുങ്കം പിരിച്ചിരുന്ന സ്ഥലവും ഉണ്ടായിരുന്നു. കായ, കൊള്ളി, അരി, കൊപ്ര, അടയ്ക്ക, പുകയില, കപ്പ, ഉപ്പ്, ഉണക്കമീന്‍ എന്നിവയായിരുന്നു പ്രധാനമായും ഇവിടെനിന്നും വ്യാപാരം ചെയ്തിരുന്നത്. ഇതില്‍ പല വസ്തുക്കളും മലബാര്‍ അതിര്‍ത്തിയിലേക്ക് കടത്തി കൊണ്ടുപോകുന്നതിന് അനുവാദം ഇല്ലാതിരുന്നതിനാല്‍ രാത്രി കാലങ്ങളില്‍ ഒളിച്ചാണ് കടത്തിയിരുന്നത്.

1952 വരെ ചന്ത സജീവമായി പ്രവര്‍ത്തിച്ചിരുന്നതായാണ് ചരിത്രം പറയുന്നത്. കാട്ടൂരിനെ നാട്ടിക ഫര്‍ക്കയുമായി ബന്ധിപ്പിക്കുന്ന പൊട്ടക്കടവ് പാലവും, തൃപ്രയാര്‍, കണ്ടശാംകടവ്, കാക്കത്തിരുത്തി പാലങ്ങളും വന്നതോടുകൂടി ഒരു ഗതാഗത മാര്‍ഗം എന്ന നിലയില്‍ കാനോലി കനാലിന്റെ പ്രധാന്യം നഷ്ടപ്പെടു കയും കാട്ടൂര്‍ അങ്ങാടിയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്തു. ഈ പാലത്തിനു മുറമേ സമീപത്തായി പിന്നീട് ഒരു നാടപാലവും കാട്ടൂര്‍ അങ്ങാടിക്കു വടക്കുവശത്ത് ബസുകളും ലേറികളും പോകാവുന്ന വലിയ പാലവും പിന്നീട് വന്നതോടെ ഈ നടപ്പാലം പഴമയിലേക്ക് കുടിയേറി. എങ്കിലും ചരിത്ര സ്മരണകള്‍ക്കു സാക്ഷിയാണ് ഈ പഴയ നടപ്പാലം.

Related posts