ആ പെണ്‍കുട്ടി ആര്? ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന് വിറ്റത് അച്ഛന്റെ രണ്ടാം ഭാര്യയുടെ മകളെയാണെന്ന പ്രതിയുടെ വെളിപ്പെടുത്തല്‍ കള്ളമെന്ന് പോലീസ്

onlineകൊച്ചി: കൊച്ചിയിലെ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തില്‍പ്പെട്ട രണ്ടുപേര്‍ കൂടി പോലീസ് വലയിലായതായി പോലീസ്. നേരത്തെ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. സംഘത്തിലെ കുടുതല്‍ പ്രതികളെ കണ്ടെത്തുന്നതിനായി ഇവരുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്ന് സെന്‍ട്രല്‍ സിഐ എ. അനന്തലാല്‍ പറഞ്ഞു. ചൊവ്വാഴ്ച പിടിയിലായ മുഖ്യഇടനിലക്കാരനായ കോല്‍ക്കത്ത ബാംഗാ ജില്ലയിലെ ഠാക്കൂര്‍ നഗര്‍ സ്വദേശി റിപ്പോണി(23)നെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന നിഗമനത്തിലേക്കു പോലീസ് എത്തിയത്.

കേസില്‍ ഇതുവരെ നാലുപേര്‍ അറസ്റ്റിലായി. റിപ്പോണിനെ കൂടാതെ  അജി ജോണ്‍ എന്നു വിളിക്കുന്ന ജോണി ജോസഫ് (42), റെജി മാത്യു(32), മനീഷ് ലാല്‍(27) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.ഇതിനു മുമ്പും അജി റിപ്പോണിന്റെ പക്കല്‍നിന്ന് കൊല്‍ക്കത്ത സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയെ വിലയ്ക്കു വാങ്ങി കമ്മട്ടിപ്പാടത്തെ സിറ്റി ലോഡ്ജില്‍ എത്തിച്ച് വാണിഭം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ ഇക്കാര്യം പോലീസ് കസ്റ്റഡിയിലുള്ള റിപ്പോണ്‍ നിഷേധിച്ചതായാണ് വിവരം. എന്നാല്‍ കേസില്‍ അജി ജോണിനെ ചോദ്യം ചെയ്തപ്പോള്‍ മുമ്പും ഇത്തരത്തില്‍ പെണ്‍കുട്ടികളെ റിപ്പോണ്‍ എത്തിച്ചു നല്‍കിയതായി വെളിപ്പെടുത്തിയിരുന്നു.

റിപ്പോണ്‍ ഇത് നിഷേധിക്കുന്ന സാഹചര്യത്തില്‍ രണ്ടുപേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ഇപ്പോള്‍ റിമാന്‍ഡിലുള്ള അജി ജോണിനെ ഇതിനായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. നാലു വര്‍ഷത്തോളമായി ബംഗളൂരുവിലുള്ള റിപ്പോണ്‍ മജസ്റ്റിക്കില്‍ തുണിക്കച്ചവടം ചെയ്തു വരികയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് അജിയെ പരിചയപ്പെടുന്നത്. അതേസമയം തന്റെ അച്ഛന്റെ രണ്ടാം ഭാര്യയുടെ മകളെയാണ് താന്‍ അജിക്കു വിറ്റതെന്ന റിപ്പോണിന്റെ വെളിപ്പെടുത്തല്‍ കള്ളമാണെന്നും പോലീസ് പറഞ്ഞു. സെന്‍ട്രല്‍ സിഐ എ.അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related posts