തിരുവനന്തപുരം: ഹര്‍ത്താലില്‍ ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് പോലീസുകാര്‍ സാധാരണ ശ്രമിക്കുന്നത്. എന്നാല്‍ ഇന്നലെ നടന്ന ഹര്‍ത്താലില്‍ പാളയത്തു പോലീസുകാര്‍ കാട്ടിക്കൂട്ടിയ പ്രവൃത്തിയെ ശുദ്ധതെമ്മാടിത്തരം എന്നേ വിശേഷിപ്പിക്കാനാവൂ .വൈകുന്നേരം പാളയം കണ്ണിമേറ മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ എത്തിയയാളിന്റെ ബൈക്കിന്റെ താക്കോലുമായി കന്റോണ്‍മെന്റ് എസ്ഐ സ്ഥലംവിടുകയായിരുന്നു. ബൈക്ക് യാത്രികന് പെട്ടുപോയി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെ സ്റ്റേഷനിലെത്തി താക്കോല്‍ വാങ്ങേണ്ട ഗതികേടിലായി.
സംഭവം ഇങ്ങനെ, തിരുമല സ്വദേശിയായ ഗണേശന് തന്റെ ബൈക്കില്‍ മാര്‍ക്കറ്റിനു സമീപമെത്തി. മറ്റു ബൈക്കുകള്‍ വച്ചിരുന്ന സ്ഥലത്തു പാര്‍ക്ക് ചെയ്തതിനു ശേഷം സാധനം വാങ്ങാനായി പോയി. നേരത്തെ വാങ്ങിയ സാധനങ്ങള്‍ വാഹനത്തില്‍ ഇരിപ്പുണ്ടായിരുന്നു. ഹര്‍ത്താല്‍ ആയതിനാല്‍ മാര്‍ക്കറ്റിനു മുന്നില്‍ പൊലീസുകാര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതിനാല്‍ താക്കോല്‍ ഊരിയതുമില്ല. ഈ സമയം അവിയെത്തിയ കന്റോണ്‍മെന്റ് എസ്ഐ ബൈക്കില്‍ താക്കോല്‍ ഇരിക്കുന്നതു കണ്ടതോടെ അത് ഊരിയെടുത്തു. താക്കോലുമായി സ്റ്റേഷനിലേക്കു മടങ്ങുകയും ചെയ്തു. ഇവിടെയുണ്ടായിരുന്ന പ്രദേശവാസികള്‍ എന്തിനാണു താക്കോല്‍ ഊരിയെടുത്തതെന്നു ചോദിച്ചതിനു വൃക്തമായ ഉത്തരം എസ്ഐ നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്
സാധനം വാങ്ങിയ ശേഷം തിരികെ എത്തിയ ഗണേശന് താക്കോല്‍ കാണാഞ്ഞതിനെത്തുടര്‍ന്ന് സമീപത്തു നിന്ന പൊലീസുകാരോടു ചോദിച്ചു. താക്കോല്‍ എസ്ഐ കൊണ്ടുപോയതാണെന്നും കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ചെന്നാല്‍ താക്കോല്‍ തിരികെ കിട്ടുമെന്നും അവര്‍ പറഞ്ഞതിനേത്തുടര്‍ന്ന് സ്റ്റേഷനിലേക്കു പോകാതെ തരമില്ലെന്നായി.
സ്റ്റേഷനില്‍ പോകേണ്ട കാര്യമോര്‍ത്തു പേടിച്ചുനിന്ന ഗണേശനു സഹായവുമായി ഇവിടെയുള്ള യൂണിയന്കാര് എത്തിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. ഇവരില്‍ ഒരാള്‍ ഇദ്ദേഹത്തെ ബൈക്കില്‍ സ്റ്റേഷനില്‍ എത്തിച്ചു താക്കോല്‍ വാങ്ങി നല്കി. ഈ ഭാഗങ്ങളില്‍ താക്കോല്‍ വച്ചിട്ടു പോകുന്ന ബൈക്കുകള്‍ മോഷണംപോകുന്നതായി പരാതിയുണ്ടെന്നും മോഷണം ഒഴിവാക്കാന്‍ യാത്രക്കാരെ ബോധവാന്മാരാക്കാനും വേണ്ടിയാണ് താക്കോല്‍ ഊരിയെടുത്തതെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം.