പ്രതിശ്രുതവരനോടൊപ്പം ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ താരസുന്ദരി പ്രിയാമണി ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പോസിറ്റീവായ കമന്റുകള്‍ പ്രതീക്ഷിച്ച നടിക്കു ലഭിച്ചതോ നെഗറ്റീവ് കമന്റുകളുടെ നീണ്ടനിര.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രിയാമണിയുടെയും മുസ്തഫ രാജിന്റെയും വിവാഹനിശ്ചയം നടന്നത്. ബംഗളൂരുവില്‍ നടന്ന വിവാഹനിശ്ചയ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുളളൂ. പ്രിയാമണി തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വാര്‍ത്തയും പ്രതിശ്രുതവരനോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പക്ഷേ ലഭിച്ചതിലേറെയും നെഗറ്റീവ് കമന്റുകള്‍. ഇതോടെ പ്രിയാമണി ചിത്രം ഡിലീറ്റ് ചെയ്തു. ഈ സംഭവം പ്രിയാമണിയെ വേദനിപ്പിച്ചിട്ടുണ്ട്. തന്റെ വേദനയും പ്രിയാമണി ഫേസ് ബുക്കില്‍ കുറിച്ചു.
‘വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് വേദനിപ്പിക്കുന്ന നെഗറ്റീവ് കമന്റുകള്‍ കണ്ട് മടുത്തു. എന്റെ ജീവിതത്തിലെ പുതിയ യാത്രയില്‍ എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കും എന്ന് കരുതിയ ഞാന്‍ നെഗറ്റീവ് കമന്റുകള്‍ കണ്ട് ഞെട്ടി. ഇതെന്റെ ജീവിതമാണ്. എന്റെ രക്ഷിതാക്കള്‍ക്കും ഭാവിവരനും അല്ലാതെ മറ്റാരുടെ ചോദ്യത്തിനും ഉത്തരം നല്‍കേണ്ട ആവശ്യം എനിക്കില്ല’- പ്രിയാമണി ഫേസ്ബുക്കില്‍ എഴുതി. ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന മുസ്തഫയുമായി ഏറെക്കാലമായി പ്രിയാമണി പ്രണയത്തിലായിരുന്നു.