തിരുവനന്തപുരം: സിറ്റിബസുകള്‍ക്കുള്ള ഏകീകൃത റൂട്ട് നമ്പറിംഗ് സിസ്റ്റത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. ഗാന്ധിപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. പുതിയ സംവിധാനം യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലാനുസൃതമായി കെഎസ്ആര്‍ടിസിയുടെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് എങ്ങനെ കൂടുതല്‍ പ്രയോജനപ്പെടുത്താം എന്ന ചിന്തയുടെ ഭാഗമായാണ് പുതിയ പരിഷ്കാരമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
പുതിയ നമ്പര്‍ രേഖപ്പെടുത്തിയ ബസ് ബോര്‍ഡുകള്‍ കെഎസ്ആര്‍ടിസി പ്രതിനിധി ബി.ജി. ജയകുമാരി, സ്വകാര്യബസ് പ്രതിനിധി സാജു എന്നിവര്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. സിറ്റിബസുകളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള tvmbus.com എന്ന വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിച്ചു.ചടങ്ങില്‍ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് വിഭാഗം മേധാവി ഡോ. യു.ഫൈസല്‍ പദ്ധതി അവതരിപ്പിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയാണ് റൂട്ട്‌നമ്പര്‍ സംബന്ധിച്ച് പഠനം നടത്തിയത്.
കളക്ടര്‍ ബിജു പ്രഭാകര്‍ സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കെഎസ്ആര്‍ടിസി ജനറല്‍ മാനേജര്‍ ആര്‍. സുധാകരന്‍, സോണല്‍ ഓഫീസര്‍ ജി. സരിത് കുമാര്‍, ആര്‍ടിഒ തുളസീധരന്‍പിള്ള, കൗണ്‍സിലര്‍മാരായ എസ്.കെ.പി രമേശ്, സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. അന്യസംസ്ഥാനക്കാര്‍ക്കും വിദേശികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇനി ബോര്‍ഡുവായിക്കാന്‍ അറിയില്ലെങ്കിലും നമ്പറിലൂടെ കയറേണ്ട ബസുകള്‍ തിരിച്ചറിയാനാകും. ആദ്യഘട്ടത്തില്‍ സിറ്റി ബസുകള്‍ക്ക് നമ്പറിംഗ് സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. രണ്ടാംഘട്ടത്തില്‍ ടാക്‌സികള്‍ക്കും ഓട്ടോറിക്ഷകള്‍ക്ക് നമ്പര്‍ നല്‍കും. മൂന്നാംഘട്ടത്തില്‍ ഈവിവരങ്ങള്‍ എല്ലാം അറിയാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് രൂപകല്‍പന ചെയ്യും.