ഈരാറ്റിന്‍പുറം വിനോദസഞ്ചാര കേന്ദ്രം എംഎല്‍എ സന്ദര്‍ശിച്ചു

tvm-ansalanmlaനെയ്യാറ്റിന്‍കര: ഈരാറ്റിന്‍പുറം വിനോദസഞ്ചാര പദ്ധതിക്ക് പുതുജീവന്‍ കൈവരുന്നു. നെയ്യാറ്റിന്‍കര നിവാസികളുടെ സ്വപ്നം പൂവണിയുമെന്ന് പ്രതീക്ഷ. നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ പ്രകൃതിരമണീയമായ ഈരാറ്റിന്‍പുറം വിനോദസഞ്ചാര പദ്ധതി വളരെക്കാലമായി  നഗരസഭ ബജറ്റുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു വാഗ്ദാനം മാത്രമാണ്. ഇപ്രാവശ്യത്തെ ബജറ്റിലും പദ്ധതി ഇടം പിടിച്ചു.   പദ്ധതി യാഥാര്‍ഥ്യമായേക്കുമെന്നതിന്റെ ആദ്യഘട്ടമായി കെ. ആന്‍സലന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍ ഹീബ, വാര്‍ഡ് അംഗം സതികുമാര്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍, പ്രോജക്ട് എന്‍ജിനിയര്‍ എന്നിവര്‍ ഇന്നലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.

നെയ്യാര്‍ കൈവഴികളായി പിരിയുകയും വീണ്ടും ഒന്നു ചേരുകയും ചെയ്യുന്ന അപൂര്‍വമായ ദൃശ്യം കാഴ്ചക്കാരെ വല്ലാതെ ആകര്‍ഷിക്കുന്നതാണ്. നഗരസഭയുടെ അതിര്‍ത്തിയില്‍ പെരുങ്കടവിള പഞ്ചായത്തിനെ വേര്‍തിരിച്ച് പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയാണ് ഇവിടെ നദിയൊഴുകുന്നത്. ഈരാറ്റിന്‍പുറം വിനോദസഞ്ചാര കേന്ദ്രം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്. നിലവില്‍ 90 സെന്റ് വരുന്ന പാറക്കൂട്ടങ്ങളില്‍ കുട്ടികള്‍ക്കുള്ള പാര്‍ക്കും റോപ്‌വേ പാലവും ഹോട്ടലും പാര്‍ക്കിംഗ് ഏര്യയും ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള പ്രോജക്ട് തയാറാക്കി സര്‍ക്കാര്‍ അംഗീകാരം നേടി ഉടന്‍ നിര്‍മാണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണെന്ന് കെ. ആന്‍സലന്‍ എംഎല്‍എ പറഞ്ഞു.

Related posts