ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ പണം വാങ്ങി; ആധാരമെഴുത്തുകാര്‍ക്ക് മൂന്നുവര്‍ഷം തടവ്

ALP-COURTമൂവാറ്റുപുഴ: തൊടുപുഴ കാരിക്കോട് സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കാന്‍ ആധാരം രജിസ്റ്റര്‍ ചെയ്തവരുടെ കൈയില്‍നിന്നു പണം വാങ്ങിയ രണ്ട് ആധാരമെഴുത്തുകാരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി  ശിക്ഷിച്ചു. ഒന്നാം പ്രതി അസിസ്റ്റന്റ് ഡോക്യുമെന്റ് റൈറ്റര്‍ പൈങ്ങോട്ടൂര്‍ കളപ്പുരയില്‍ ജോഷി ജോര്‍ജ്, രണ്ടാം പ്രതി ഡോക്യുമെന്റ് റൈറ്റര്‍ വണ്ണപ്പുറം, അമ്പലപ്പടി പാടശേരി എസ്. കുര്യാക്കോസ് എന്നിവര്‍ക്ക് മൂന്നുവര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷവിധിച്ചത്.

പിഴ അടയ്ക്കാതിരുന്നാല്‍ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം.അഴിമതി നിരോധന വകുപ്പിന്റെ സെക്ഷന്‍ എട്ടു പ്രകാരം രണ്ടുവര്‍ഷം കഠിനതടവും 50,000 രൂപയും ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി പ്രകാരം ഒരു വര്‍ഷം കഠിനതടവുമാണ് ശിക്ഷ. സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കു നല്‍കാന്‍ 1100 രൂപയാണ് പ്രതികള്‍ വാങ്ങിയത്. 14 സാക്ഷികളെയാണു കോടതി വിസ്തരിച്ചത്. 2005 മാര്‍ച്ച് 31-ന് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍  രജിസ്ട്രാര്‍ ഓഫീസില്‍നിന്നു കണക്കില്‍പ്പെടാത്ത 5,515 രൂപ കണെ്ടടുത്തിരുന്നു.

ഒന്നാം പ്രതിയുടെ കൈയില്‍നിന്നു സബ് രജിസ്ട്രാര്‍ ഓഫീസ്  വരാന്തയില്‍ വച്ച് 1100 രൂപ വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുക്കുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തി കോട്ടയം വിജിലന്‍സ് കോടതിയില്‍ ചാര്‍ജ് ഫയല്‍ ചെയ്യുകയായിരുന്നു. മൂവാറ്റുപുഴയില്‍ വിജിലന്‍സ് കോടതി ആരംഭിച്ചതിനെ തുടര്‍ന്നാണ് കേസ് ഇവിടേക്കു മാറ്റിയത്.ആധാരമെഴുത്തുകാരെ അഴിമതി നിരോധന വകുപ്പു പ്രകാരം ശിക്ഷിക്കുന്ന  സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്.

ശിക്ഷിക്കപ്പെട്ടവര്‍  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ലെന്നുമുള്ള  പ്രത്യേകതയും ഈ കേസിനുണ്ട്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ശിക്ഷ വിധിക്കുന്ന രണ്ടാമത്തെ കേസു കൂടിയാണിത്. പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

Related posts