ആന്ധ്രാ രാഷ്ട്രീയത്തിലും റോജ മിന്നിത്തിളങ്ങുകയാണ്. പതിനഞ്ചുവര്‍ഷം മുമ്പ് ഒട്ടനവധി ഗ്ലാമര്‍ വേഷങ്ങളിലൂടെ തെലുങ്കനെ ത്രസിപ്പിച്ച റോജ ഇപ്പോള്‍ എംഎല്‍എയുടെ റോളില്‍ മറ്റുള്ളവരുടെ ജീവിത പ്രശ്നങ്ങളില്‍ സാന്ത്വനമാവുകയാണ്. സീമാന്ധ്രയിലെ പോപ്പുലര്‍ എംഎല്‍എ എന്ന പദവി നേടാന്‍ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ചെമ്പരത്തിപ്പെണ്ണിന് കഴിഞ്ഞിരിക്കുന്നു.
? അടുത്തയിടെ റോജയ്ക്ക് സഭയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചല്ലോ
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കളിക്കുന്ന ഡേര്‍ട്ടി പൊളിറ്റിക്സിന്റെ ഭാഗമാണ് എന്റെ അനുമതി നിഷേധിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍. സ്ത്രീകളെ ലൈംഗിക ചൂഷണത്തിനു വിധേയമാക്കുന്ന ഒരു പ്രശ്നത്തെക്കുറിച്ച് എനിക്കു സഭയില്‍ സംസാരിക്കണമായിരുന്നു. പക്ഷേ, എനിക്ക് അതിനുള്ള അവസരം അവര്‍ തന്നില്ല. എന്റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു. ഗത്യന്തരമില്ലാതെയാണ് ഞാന്‍ സഭയ്ക്കു പുറത്ത് പ്രശ്നം പരസ്യമായി അവതരിപ്പിച്ചത്. ആ കുറ്റം ചുമത്തി എനിക്ക് നിയമസഭയുടെ ഉള്ളില്‍ കടക്കാനുള്ള അവസരം നിഷേധിക്കുകയായിരുന്നു.
? ഇനി സിനിമയിലേക്കില്ല
പോയ വര്‍ഷം ജമ്നാപ്യാരി എന്ന ചിത്രത്തില്‍ മാത്രമാണ് അഭിനയിച്ചത്. രസകരമായൊരു കഥാപാത്രമായിരുന്നു ജംമ്നാപ്യാരിയിലേത്. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കും. പിന്നെ തെലുങ്കില്‍ ഒരു ലൈവ് ഷോ ചെയ്തിരുന്നു. ജനങ്ങളോട് ഒരു ഉത്തരവാദിത്വമുണ്ട്. അതു മറന്ന് സിനിമയില്‍ മുഴുകാന്‍ കഴിയില്ല. മോഹിപ്പിക്കുന്ന ഒരു വേഷം കിട്ടിയാല്‍ അഭിനയിക്കാനും റെഡി.
? ആന്ധ്രയ്ക്ക് പുതിയ തലസ്ഥാനം വരാന്‍ പോകുന്നു
ഇന്നും എന്റെ മനസിലെ മുറിവാണ് ആന്ധ്രാവിഭജനം. സ്വാഭാവികമായി ഒഴുകുന്ന ഒരു നദിയെ രണ്ടായി വെട്ടിമുറിച്ച് രണ്ടു ചാലുകളായി ഒഴുക്കിവിട്ടതുപോലൊരു പ്രക്രിയയായിരുന്നു അത്. വാസ്തവത്തില്‍ മാതൃസംസ്ഥാനമായ സീമാന്ധ്രയ്ക്കാണ് ഹൈദരാബാദ് തലസ്ഥാനമായി നല്‍കേണ്ടിയിരുന്നത്. പക്ഷേ, കാര്യങ്ങള്‍ തലകീഴായാണു നടന്നത്. ഹൈദരാബാദ് തെലുങ്കാനയ്ക്ക് തലസ്ഥാനമായി നല്കി. ഇപ്പോള്‍ ഒരു തലസ്ഥാനത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിലാണ് സീമാന്ധ്ര. ഗുണ്ടൂര്‍, അമരാവതി എന്നിങ്ങനെ പല പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുമ്പോള്‍ ചിരിയാണു വരുന്നത്. കൈയിലുള്ള പൊന്ന് കളഞ്ഞ് കാക്കപ്പൊന്നു തേടിപ്പോകുന്നവരെക്കുറിച്ച് എന്തു പറയാന്‍?
? തമിഴക രാഷ്ട്രീയം ശ്രദ്ധിക്കാറുണ്ടോ
തമിഴ് സിനിമയില്‍ അഭിനയിച്ചതുകൊണ്ടുതന്നെ തമിഴ്നാട് രാഷ്ട്രീയം എനിക്കിഷ്ടമാണ്. പക്ഷേ, കര്‍മമണ്ഡലം തെലുങ്കാനയായതിനാല് വളരെ ആഴത്തില്‍ ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. തമിഴകത്ത് നിയമസഭാ ഇലക്ഷന് നടക്കുകയാല്ലോ. അതുകൊണ്ടുതന്നെ തമിഴ്നാട്ടിലെ പത്രങ്ങള്‍ സംഘടിപ്പിച്ച് പൊളിറ്റിക്സിലെ ഗതിവിഗതികള്‍ അറിയാന്‍ ശ്രമിക്കാറുണ്ട്.
? അടുത്ത ഇലക്ഷനില്‍ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്?
ഒരുപാട് നല്ല മുഖ്യമന്ത്രിമാരെ തമിഴകം കണ്ടിട്ടുണ്ട്. എന്നാല്‍, എന്റെ ഓള്‍ടൈം ഫേവറൈറ്റ് തലൈവിതന്നെ. ജനത്തിനുവേണ്ടി അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ എണ്ണിയാല്‍ തീരില്ല. തമിഴ്നാട്ടിലെ ഓരോ പ്രദേശത്തെയും ഓരോ വ്യക്തിക്കും അവരില്‍നിന്ന് ഇന്‍ഡിവിഡ്വല്‍ അറ്റന്ഷന് ലഭിക്കുന്നു. പാവപ്പെട്ടവനെ സംബന്ധിച്ച് വഴിയും ആശ്രയവും പ്രകാശവുമാണു ജയലളിത. രാഷ്ട്രീയ ജീവിതത്തില്‍ എന്തുതന്നെ പ്രശ്നങ്ങള്‍ ഉണ്ടായാലും തലൈവി കുലുങ്ങില്ല. അയണ്‍ ലേഡി എന്ന വിശേഷണം അവര്‍ക്കു നല്‍കാനാണ് ഞാനിഷ്ട പ്പെടുന്നത്.
? പക്ഷേ, വിജയകാന്തും മറ്റും ശക്തമായ നീക്കം നടത്തുന്നുണ്ടല്ലോ
വിജയകാന്ത് നല്ല നടനാണ്. ഞങ്ങളൊരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെക്കുറിച്ചു മാത്രം അഭിപ്രായം പറയാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. നോ പൊളിറ്റിക്കല്‍ കമന്റ്സ്.