കടുത്തുരുത്തി: ലാഭകരമായി പ്രവര്‍ത്തിച്ചുവന്നിരുന്ന പൊതുമേഖലാ സ്ഥാപനമായ വെളളൂര്‍ എച്ച്എന്‍എല്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു.
കൊച്ചിയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണം സംബന്ധിച്ചു നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആത്മാര്‍ഥമായി സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വെള്ളൂര്‍ എച്ച്എന്‍എല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലുള്ള കള്ളക്കളി ഗൗരവമായി കാണണം.
വന്‍കിട സ്വകാര്യ കുത്തകകളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് എച്ച്എന്‍എല്ലിന്റെ കടയ്ക്കല്‍ കത്തി വച്ചിരിക്കുന്നത്. ആയിരക്കണക്കിന് ജീവനക്കാരെയും തൊഴിലാളികളെയും വഴിയാധാരമാക്കുന്ന സ്വകാര്യവത്കരണ നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.വിഷയത്തില്‍ പ്രധാനമന്ത്രിയെ കണ്ടു ചര്‍ച്ച നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.