എണ്ണപ്പനകൃഷി ഗ്രാമപ്രദേശങ്ങളിലും വ്യാപകമാകുന്നു

pkd-panaവടക്കഞ്ചേരി: തായ്‌ലന്റിലും മലേഷ്യയിലെയും ഇന്ത്യാനേഷ്യയിലെയും കര്‍ഷകര്‍ ലാഭം കൊയ്യുന്ന എണ്ണപ്പനകൃഷി നമ്മുടെ ഗ്രാമപ്രദേശങ്ങളിലും ആരംഭിക്കുന്നു. എളവമ്പാടം മാതൃകാ റബര്‍ ഉത്പാദകസംഘം പ്രസിഡന്റ് പി.വി.ബാബുവാണ് രണ്ടു ഹെക്ടറില്‍ എണ്ണപ്പന കൃഷി തുടങ്ങുന്നത്.പ്രായമായ തെങ്ങും കവുങ്ങും മുറിച്ചുമാറ്റിയാണ് നമ്മുടെ നാട്ടിലെ ഈ നൂതനകൃഷിക്ക് തുടക്കക്കാരനാകുന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ ഓയില്‍പാം ഇന്ത്യ ലിമിറ്റഡാണ് ഇതിനുള്ള സഹായങ്ങള്‍ നല്കുന്നത്. റബര്‍ വളരുന്ന മണ്ണില്‍ എണ്ണപ്പനയും വളരുമെന്ന കണ്ടെത്തലിലാണ് ഈ ചുവടുമാറ്റം. റബറിനെ മാത്രം ആശ്രയിക്കാതെ ഭാവിയിലേക്കുള്ള സുരക്ഷിതകൃഷി എന്ന നിലയില്‍ എണ്ണപ്പനകൃഷിക്ക് വളരെ പ്രധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍.റബര്‍ റീപ്ലാന്റ് ചെയ്യുന്ന തോട്ടങ്ങളും റബര്‍ നഷ്ടമാകുന്ന പ്രദേശങ്ങളിലും എണ്ണപ്പന കൃഷി നടത്താമെന്നാണ് വിദഗ്ധാഭിപ്രായം. എണ്ണപ്പന കൃഷി ചെയ്യുന്ന രാജ്യങ്ങളിലെ എണ്ണയുടെ വിപണി ഇന്ത്യയിലായതിനാല്‍ എണ്ണപ്പനയുടെ സാധ്യത വളരെ വലുതാണ്.

ഓയില്‍പാം ഇന്ത്യയില്‍നിന്നും ആവശ്യമായ എണ്ണപ്പന തൈകള്‍ ലഭിക്കും. 14 മാസം പ്രായമായ തൈകളാണ് ലഭിക്കുക. മുന്നുവര്‍ഷംകൊണ്ട് പന കായ്ക്കും. ഇതിന്റെ കുരുവിന് കിലോയ്ക്ക് ആറുരൂപ 10 പൈസയാണ് ഇപ്പോഴത്തെ വില. ആയിരം ഹെക്ടറില്‍ എണ്ണപ്പന കൃഷിയുണ്ടെങ്കില്‍ അവിടെ ഓയില്‍ എടുക്കുന്ന ഫാക്ടറി തുടങ്ങാന്‍ കഴിയും.പത്തുകോടി രൂപയാണ് ഇതിനു മുതല്‍മുടക്ക്. ഇതില്‍ രണ്ടരകോടി രൂപ ഓയില്‍പാം ഇന്ത്യ സബ്‌സിഡിയായി നല്കും. ഒരു ഹെക്ടര്‍ എണ്ണപ്പന കൃഷി ചെയ്യുന്ന കര്‍ഷകന് 16,000 രൂപ നാലുവര്‍ഷംകൊണ്ട് സബ്‌സിഡിയായി ലഭിക്കും.

അതിരപ്പിള്ളിയില്‍ 900 ഹെക്ടറിലുള്ള എണ്ണപ്പന തോട്ടമാണ് കേരളത്തിലെ പ്രധാനതോട്ടങ്ങളിലൊന്ന്. റബര്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആയിരം ഹെക്ടറില്‍ എണ്ണപ്പന കൃഷി ആരംഭിക്കാനാകുമെന്ന് പി.വി.ബാബു പറഞ്ഞു.

Related posts