തുറവൂര്‍: ദേശീയപാതയില്‍ പ്രധാനകവലകളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു സ്ഥാപിച്ച സിഗ്നല്‍ലൈറ്റുകളും നിരീക്ഷണ കാമറകളും കണ്ണടച്ചതോടെ അപകടഭീതിയില്‍ യാത്രക്കാര്‍. തങ്കിക്കവല, തുറവൂര്‍, എരമല്ലൂര്‍ എന്നിവിടങ്ങള്‍ ഉള്‍പ്പടെ ദേശീയപാതയോരത്തു സ്ഥാപിച്ചിട്ടുള്ള ഒട്ടുമിക്ക സിഗ്നല്‍ലൈറ്റുകളും നിരീക്ഷണ കാമറകളുമാണ് പ്രവര്‍ത്തനരഹിതമായത്. കാമറകള്‍ മിഴിയടച്ചതോടെ തുറവൂര്‍ കവലയില്‍ കുമ്പളങ്ങി, തൈക്കാട്ടുശേരി റോഡില്‍നിന്നും വരുന്ന വാഹനങ്ങളും പാത മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരുമാണ് അപകടഭീഷണി നേരിടുന്നത്.
ഇവ പ്രവര്‍ത്തിപ്പിക്കുന്നതിന് സോളാര്‍പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ശേഖരിച്ചുവയ്ക്കുന്നതിനുള്ള ബാറ്ററികള്‍ കാലപ്പഴക്കംമുലം വര്‍ഷങ്ങള്‍ക്കു മുമ്പേ മാറ്റുകയും കെഎസ്ഇബി വൈദ്യുതലൈനില്‍ നിന്നു വൈദ്യുതി ലഭ്യമാക്കുകയും ചെയ്തിരുന്നു. നിലവില്‍ ലൈനിലെ വൈദ്യുതിപ്രവാഹം നിലയ്ക്കുമ്പോള്‍ സിഗ്നല്‍ലൈറ്റുകളുടെ പ്രവര്‍ത്തനവും നിലയ്ക്കുന്ന സ്ഥിതിയാണ്. നിമിഷംപ്രതി നൂറുകണക്കിനു വാഹനങ്ങളാണ് പാതയിലൂടെ കടന്നുപോകുന്നത്.
കവലയില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനു നിയോഗിച്ചിട്ടുള്ള ട്രാഫിക് പോലീസുകാരനു നിയന്ത്രിക്കാനാവാത്തവിധമുള്ള വാഹനത്തിരക്കാണ് മിക്കവാറും ഇവിടെ അനുഭവപ്പെടുന്നത്. സിഗ്നലുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ഇടവേളയില്ലാതെ എത്തുന്ന വാഹനങ്ങള്‍ തമ്മിലിടിച്ചും ഇരുവശങ്ങളില്‍ നിന്നും കടന്നുവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചും അപകടങ്ങള്‍ പതിവായി. നിരീക്ഷണകാമറകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം അമിതവേഗത്തിലെത്തുന്ന വാഹനങ്ങള്‍ കണ്ടെത്താനോ ഇത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കാനോ കഴിയാത്ത സ്ഥിതിയാണ്.
നിരീക്ഷണകാമറയുടെ പ്രവര്‍ത്തനംമൂലം റോഡ് നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളില്‍നിന്നു ലക്ഷക്കണക്കിനു രൂപ പിഴയീടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനു കഴിഞ്ഞിട്ടുണ്ട്. ഈ തുക കൊണ്ടുതന്നെ കാലപ്പഴക്കം ചെന്ന ബാറ്ററികള്മാറ്റി സ്ഥാപിക്കാന്‍ കഴിയുമെന്നിരിക്കെ ഇവ മാറ്റിവയ്ക്കാനുള്ള നടപടിയുണ്ടായിട്ടില്ല.