എല്‍എന്‍ജി നാലുവരിപ്പാതക്കായുള്ള കുടിയൊഴിപ്പിക്കല്‍; പുനരധിവാസ ഭൂമിയിലേക്ക് വെളിച്ചമെത്തിക്കാന്‍ റോഡ് ഉപരോധം

EKM-STRIKEവൈപ്പിന്‍: എല്‍എന്‍ജിയിലേക്കുള്ള നാലുവരിപ്പാത നിര്‍മ്മിക്കാന്‍  കാളമുക്ക് ഗോശ്രീ കവലയില്‍നിന്നും കുടിയൊഴിപ്പിച്ചവര്‍ക്ക് പുനരധിവാസത്തിനായി നല്‍കിയ ഭൂമിയില്‍ വെളിച്ചമെത്തിക്കാത്തതില്‍ പ്രതിഷേധിച്ച്  എല്‍എന്‍ജി റോഡ് ഉപരോധിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. 2007-ല്‍ കുടിയിറക്കപ്പെട്ട 21 പേര്‍ക്ക്  ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം 2009-ലാണ്  കൊച്ചിന്‍ പോര്‍ട്ട് നികത്തി എടുത്ത സ്ഥലം വീട് വയ്ക്കുവാന്‍ അളന്നു നല്‍കിയത്.

ഇവിടേക്ക് വെള്ളവും വെളിച്ചവും എത്തിക്കാന്‍  2010 ഫെബ്രുവരി അഞ്ചിനു ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍, എല്‍എന്‍ജി, പൊട്രോനെറ്റ്, കൊച്ചിന്‍ പോര്‍ട്ട് , കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി എന്നിവയുടെ  ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥന്മാര്‍ക്ക് ജില്ലാ കളക്ടര്‍ ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ കുടിവെള്ളം എത്തിച്ചെങ്കിലും വെളിച്ചം എത്തിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. 3,64,410 രൂപയുടെ എസ്റ്റിമെന്റ് ഉണ്ടാക്കി സമര്‍പ്പിച്ചിട്ടുണ്ടെന്നും  ഇതുവരെ ഫണ്ട് അനുവദിക്കാത്തതുമൂലമാണ് നടപടികള്‍ ആരംഭിക്കാത്തതെന്നാണ് കെ എസ് ഇ ബി  അധികൃതര്‍ പറയുന്നത്.

വെളിച്ചമില്ലെങ്കിലും മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ മൂന്ന് കുടുംബക്കാര്‍ താമസിക്കുന്നുണ്ട്. പാമ്പിന്റെ ശല്യം മൂലം  രാത്രിയും പകലും പേടിച്ച് ഭയപ്പെട്ടാണ് ഇവര്‍ ഇവിടെ കഴിഞ്ഞു കൂടുന്നത്. ഇതിനിടെ ഈ ആവശ്യമുന്നയിച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കുന്നത്. എല്‍എന്‍ജി റോഡ് ഉപരോധിക്കുകയും ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിനു മുമ്പില്‍ സത്യാഗ്രഹം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിക്കുവാനുമാണ് തീരുമാനം. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. മജ്‌നു കോമത്ത്, സി.കെ. മോഹനന്‍, കെ.ജി. ഡോണോ പി.ആര്‍. മുരളി, കൈലാസന്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts