കൊച്ചി: കൊച്ചിയില് വിമാനമിറങ്ങിയ ശേഷം കാണാതായ ബാംഗളൂരു സ്വദേശി സൂരജ് ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെടുന്ന ഹേബിയസ് കോര്പസ് ഹര്ജിയില് സംസ്ഥാനത്തെ അഗതി മന്ദിരങ്ങളിലും വയോജന കേന്ദ്രങ്ങളിലുമടക്കം പരിശോധന നടത്തണമെന്ന് ഹൈക്കോടതി.
എല്ലാ അഭയകേന്ദ്രങ്ങളുടേയും സൂപ്രണ്ടുമാര്ക്ക് ലാമയുടെ ചിത്രം സഹിതം ഇ - മെയില് അയച്ച് വിവരങ്ങള് തേടണം. സൂരജ് ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകന് സാന്റോണ് സമര്പ്പിച്ച ഹേബിയസ് കോര്പസ് ഹര്ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത് ഓര്മ നഷ്ടപ്പെട്ട സൂരജ് ലാമയെ ഇതര സംസ്ഥാനങ്ങളിലേക്ക് കടത്താനോ അഗതി മന്ദിരത്തിലാക്കാനോ ഉള്ള സാധ്യത മുന്നിര്ത്തിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്ബെഞ്ചിന്റെ നടപടി.
ഹര്ജിയില് മനുഷ്യക്കടത്ത് വിരുദ്ധ സ്ക്വാഡിനേയും സാമൂഹിക നീതി വകുപ്പിനേയും ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്ത്തു.കടത്തിക്കൊണ്ടു പോകാനും അഗതി മന്ദിരത്തിലാക്കാനുമുള്ള സാധ്യത ഹര്ജിക്കാരാണ് കോടതിയില് ചൂണ്ടിക്കാട്ടിയത്.
പോലീസ് പ്രത്യേക സംഘം മിസിംഗ് കേസ് എന്ന നിലയില് മാത്രമാണ് നിലവില് അന്വേഷിക്കുന്നതെന്നും ഹര്ജിക്കാര് പറഞ്ഞു. എന്നാല്, പോലീസ് സമ്മര്ദത്തിലാണെന്നും നടപടികള് ഇഴകീറി പരിശോധിക്കുന്നത് പിന്നീടാകാമെന്നും ആളെ കണ്ടെത്തുകയാണ് പ്രധാന്യമെന്നും കോടതി വാക്കാല് പറഞ്ഞു.
ലാമയുടെ കുടുംബം ബംഗളൂരുവിലായതിനാല് ആരെങ്കിലും ട്രെയിന് കയറ്റിവിട്ടിരിക്കാനുള്ള സാധ്യതയും കോടതി വിലയിരുത്തി. അയല് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. റിപ്പോര്ട്ട് സമര്പ്പിക്കാന് ഇരു കക്ഷികളോടും നിര്ദേശിച്ച കോടതി ഹര്ജി വീണ്ടും 17ന് പരിഗണിക്കാന് മാറ്റി.

