തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവായി പ്രമുഖ മാധ്യമപ്രവര്‍ത്തകനും മലയാളം കമ്മ്യുണിക്കേഷന്‍സ് എംഡിയുമായ ജോണ്‍ ബ്രിട്ടാസിനെ നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പര്യസ്യങ്ങളെ ശ്രദ്ധേയമാക്കിയ തലവാചകം “എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്നതിന്റെ സ്രഷ്ടാവ് ബ്രിട്ടാസായിരുന്നു. ഈ വാചകത്തില്‍ നവമാധ്യമങ്ങളിലടക്കം വന്‍ പ്രചാരം ലഭിച്ചിരുന്നു. മാത്രമല്ല എല്‍ഡിഎഫ് പ്രചാരണത്തിന്റെ അണിയറയിലും ചുക്കാന്‍ പിടിച്ചത് ബ്രിട്ടാസായിരുന്നു. ദേശാഭിമാനി കണ്ണൂര്‍ ലേഖകനായി മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ബ്രിട്ടാസ് മുഖ്യമന്ത്രി പിണറായിയുടെ വിശ്വസ്തരില്‍ പ്രമുഖനാണ്.
ദേശാഭിമാനിയുടെ ഡല്‍ഹി ബ്യൂറോ ചീഫ് ആയിരിക്കെയാണു ബ്രിട്ടാസ് കൈരളി ചാനലിന്റെ എംഡിയായി നിയമിതനാകുന്നത്. പിന്നീട് അദ്ദേഹം സ്റ്റാര്‍ ടിവി ശൃംഖലയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ഗ്ലോബലിന്റെ ബിസിനസ് ഹെഡ് ആയി പ്രവര്‍ത്തിച്ചു. പക്ഷേ പിന്നീട്, അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ബ്രിട്ടാസ് കൈരളിയില്‍ തിരികെ എത്തി. ഇതിനു പിന്നാലെയാണ് ബ്രിട്ടാസിനെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത്.