തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ഐജിയുടെ മകന് വാഹനമോടിച്ച സംഭവത്തില്‍ എങ്ങനെ കേസെടുക്കാതിരിക്കാ മെന്നുള്ളതിന് പോലീസ് നിയമവശം തേടി അലയുന്നു. സാധാരണക്കാരന്റെ മകനാണ് വാഹനമോടിച്ചതെങ്കില്‍ കേസെടുക്കുക മാത്രമല്ല വാഹനവും ബന്ധപ്പെട്ടവരെയും ആ നിമിഷത്തില്‍ തന്നെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് ഒരു സംശയവുമുണ്ടാകില്ലെന്ന നാട്ടുകാരുടെ ആരോപണം ശരിയാണെന്ന് പോലീസ് സേനയിലുള്ളവരും സമ്മതിക്കുന്നു. ശോഭസിറ്റിയിലെ മുഹമ്മദ് നിസാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന് കാറോടിച്ചതിനെതിരെ കേസെടുക്കുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്ത പോലീസാണ് ഐജിയുടെ മകനെതിരെ എങ്ങനെയാണ് കേസെടുക്കേണ്ടതെന്നറിയാന് നിയമവശം തേടിയിരിക്കുന്നത്.
പേരാമംഗലം സിഐയുടെ നേതൃത്വത്തിലാണ് നിസാമിനെതിരെ മകന് കാറോടിച്ചതിന് കേസടുത്തത്. കേസ് ഇപ്പോള്‍ കോടതിയില്‍ വിചാരണയിലാണ്. എന്നാല്‍ ഐജി സുരേഷരാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന് ഔദ്യോഗിക വാഹനമോടിച്ച സംഭവം പുറത്തു വന്നിട്ട് ഒരു മാസം തികഞ്ഞിട്ടും ഇതുവരെ പോലീസിന് കേസെടുക്കാന്‍ കഴിഞ്ഞിട്ടില്ല. നിയമം പാലിക്കേണ്ടവര്‍ നിയമലംഘനം നടത്തിയാല്‍ കേസെടുക്കാന്‍ നിയമവശം തേടുന്ന പോലീസിന്റെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്റ്റില്ലാതെയും വാഹനമോടിക്കുന്നവരെ അതത് സ്ഥലത്തുവച്ചു തന്നെ കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്ന പോലീസ് ഐജിക്കെതിരെ നടപടിയെടുക്കാത്തതിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും വിമര്‍ശിച്ചിരുന്നു.
പൊതുപ്രവര്ത്തകന് പി.ഡി.ജോസഫ് നല്കിയ പരാതിയില്‍ ഐജിക്കെതിരെ കേസെടുക്കാന്‍ തൃശൂര്‍ ജുവനൈല്‍ കോടതി വിയ്യൂര്‍ പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജുവനൈല്‍ കോടതിക്ക് ഇങ്ങനെ ഉത്തരവിടാന്‍ അധികാരമുണ്ടോയെന്നാണ് പോലീസിന്റെ ചോദ്യം.
ഐജിയുടെ മകന് ഔദ്യോഗിക വാഹനം ഓടിച്ചത് വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രിയും ഉത്തരവിട്ടിരുന്നു. പക്ഷേ ഉത്തരവ് മാത്രം ഇറക്കാതെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. നിയമം നടപ്പാക്കേണ്ടവര്‍ നിയമം ലംഘിക്കുന്നതിനെതിരെ നടപടിയെടുക്കാന്‍ ഭരണരംഗത്തുള്ളവരും മടിക്കുകയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തൃശൂര്‍ വിജിലന്‍സ് കോടതി ഈ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഹൈക്കോടതിയില്‍ അപേക്ഷ നല്കി ഉത്തരവ് തടയുകയാണ് ചെയ്തത്.
എജി സുരേഷ് രാജ് പുരോഹിതിന്റെ പതിനാറു വയസുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകന് പോലീസ് അക്കാദമി കാമ്പസില്‍ മൂന്ന് വ്യത്യസ്ത വാഹനങ്ങളോടിക്കുന്ന അഞ്ച് മിനിറ്റ് വീതമുള്ള മൂന്നു വീഡിയോകളാണ് പുറത്തു വന്നിരുന്നത്. പോലീസ് അക്കാദമിയിലെ ഔദ്യോഗിക വാഹനം പോലീസുകാരുടെ ബന്ധുക്കള്‍ ആരെങ്കിലും ഓടിക്കുകയാണെങ്കില്‍ പ്രത്യേക അനുമതി എടുക്കണമെന്നിരിക്കെ, ആരുടെയും അനുമതിയില്ലാതെയായിരുന്നു ഐജിയുടെ മകന് ഔദ്യോഗിക വാഹനം ഓടിച്ചത്. കുട്ടി വാഹനമോടിക്കുന്നതിന്റെ വീഡിയോ പകര്‍ത്തുകയും, മേലുദ്ദ്യോഗസ്ഥര്‍ക്കു പരാതി നല്‍കുകയും ചെയ്ത അഞ്ച് സിവില്‍ പോലീ സുകാരെ പരിശീലനത്തിനെന്ന പേരില്‍ ഇപ്പോള്‍ സത്യമംഗലം കാട്ടിലേക്ക് വിട്ടിരിക്കു കയാണ്.