തലശേരി: ലോഡ്ജ് മുറിയില്‍വച്ചു ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്ന കേസില്‍ 16 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. കണ്ണൂര്‍ കാട്ടമ്പള്ളിയിലെ അമ്പന്‍ ഹൗസില്‍ രവീന്ദ്രന്റെ മകള്‍ രമ്യയെ (26) പയ്യന്നൂരിലെ എവറസ്റ്റ് ലോഡ്ജിലെ മുറിയില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലാണു കൊല്ലപ്പെട്ട യുവതിയുടെ പിതാവ് രവീന്ദ്രന്, മാതാവ് പ്രഭാവതി, ലോഡ്ജിലെ സെക്യൂരിറ്റി ജീവനക്കാരന്, ലോഡ്ജിലെ റൂം ബോയ് എന്നിവരുള്‍പ്പെടെയുള്ള സാക്ഷികളെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ വിസ്തരിച്ചത്.
വിചാരണ നാളെയും തുടരും. വിചാരണയ്ക്കിടെ മകളുടെ വസ്ത്രങ്ങള്‍ കണ്ട മാതാവ് പ്രഭാവതി സാക്ഷിക്കൂട്ടില്‍ പൊട്ടിക്കരഞ്ഞു. പ്രോസിക്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സാക്ഷിയെ സമാധാനിപ്പിച്ചു. കേസിലെ ഒന്നാം സാക്ഷിയായ ലോഡ്ജ് മാനേജര്‍ ആലിക്കുഞ്ഞി രോഗബാധിതനായി കിടപ്പിലായതിനാല്‍ വിസ്താരം നടന്നില്ല. ഇയാളെ ചികിത്സിക്കുന്ന ഡോക്ടര്‍ക്കു കോടതി സമന്‍സയച്ചു.
കേസിലെ സ്വതന്ത്ര സാക്ഷികളെ പ്രതിഭാഗം ഭീഷണിപ്പെടുത്തുന്നതായി സമന്‍സ് വിതരണം ചെയ്ത പോലീസ് ഉദ്യോഗസ്ഥന് പ്രോസിക്യൂഷന് വഴി കഴിഞ്ഞ ദിവസം കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നു സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കോടതി എടക്കാട് പോലീസിനു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. 38 സാക്ഷികളുള്ള ഈ കേസില്‍ രമ്യയുടെ ഭര്‍ത്താവ് കണ്ണൂര്‍ അഴീക്കോട്ടെ പാലോട്ട് വയലില്‍ ഷമ്മികുമാര്‍ (40), മാതാവ് പത്മാവതി (70), സഹോദരന് ലതീഷ്കുമാര്‍ (58) എന്നിവരാണു പ്രതികള്‍.
ഷമ്മികുമാറിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം കൊലപാതകുറ്റവും 498 എ പ്രകാരം ഗാര്‍ഹീക പീഢനവും 201 പ്രകാരം തെളിവ് നശിപ്പിക്കലുമാണ് ചുമത്തിയിട്ടുള്ളത്. മറ്റ് രണ്ട് പ്രതികള്‍ക്കുമെതിരെ 498 പ്രകാരം ഗാര്‍ഹീക പീഢന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. 2010 ജനുവരി 22 നായിരുന്നു കേസിനാസ്പദമായ സംഭവം.