അഞ്ചല്‍: കാപ്പാ നിയമപ്രകാരം നാടുകടത്തിയ യുവാവിനെ വിലക്ക് ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു. ഏരൂര്‍ സ്വദേശി ചിത്തിര സൈജുവിനെയാണ് ഏരൂരിലെ ഇയാളുടെ വീട്ടില്‍നിന്നും അഞ്ചല്‍ സിഐ റെജി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ കഴിഞ്ഞമാസം ആദ്യവാരം മുതലാണ് കാപ്പാനിയമപ്രകാരം നാടുകടത്താന്‍ ഐജി മനോജ് എബ്രഹാം ഉത്തരവിറക്കിയത്.
കാപ്പാ ആക്ട് സെക്ഷന്‍ 15 പ്രകാരം ആറുമാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. ജില്ലയ്ക്ക് പുറത്തുപോയ ഇയാള്‍ ഇടയ്ക്കിടയ്ക്ക് വീട്ടിലെത്താറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷൈജു പോലീസ് നിരീക്ഷണത്തിലായിരുന്നു. ഏരൂരിലെ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കൊള്ളപ്പലിശയ്ക്ക് പണം നല്കി അത് പിരിച്ചെടുക്കുന്നതിനായി സ്ത്രീകളെയടക്കം വീടുകയറി ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഷൈജു. ഇയാളെ ഗുണ്ടാലിസ്റ്റില്പ്പെടുത്തുന്നതിനുള്പ്പെടെ പോലീസ് നടപടി സ്വീകരിച്ചെങ്കിലും ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് രക്ഷപെടാന്‍ അവസരം ഒരുക്കിയിരുന്നു. ഷെജുവിനെതിരെ കാപ്പാനിയമം ചുമത്തിയ ഏരൂര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐയെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടല്‍മൂലം ഒരുവര്‍ഷം മുമ്പ് സ്ഥലംമാറ്റിയതും ഏറെ ചര്‍ച്ചയായിരുന്നു.
2007-ല്‍ നടപ്പാക്കിയ കേരള ആന്റിസോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ടി(കാപ്പാ)ലെ മൂന്ന്, 15 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നത്. കാപ്പാ നിയത്തിന്റെ സെക്ഷന്‍ മൂന്ന് പ്രകാരം വിചാരണ കൂടാതെ പ്രതിയെ ഒരുവര്‍ഷം വരെ ജയിലില്‍ അടയ്ക്കാം. എന്നാല്‍ ഭൂരിഭാഗത്തേയും സെക്ഷന്‍ 15ല്‍ ഉള്‍പ്പെടുത്തി നാടുകടത്തുകയാണ് പതിവ്. ഇത്തരം നടപടിയ്ക്ക് വിധേയരാകുന്നവരെ ഒരു വര്‍ഷത്തേയ്ക്കാണ് നാടുകടത്താറുള്ളത്. എന്നാല്‍ ചിത്തിര സൈജുവിന്റെ കാര്യത്തില്‍ ഇത് ആറുമാസമാക്കിയിരുന്നു. നിയമം പ്രാബല്യത്തിലിരിക്കെയാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ സ്വന്തം വീട്ടിലെത്തി താമസിച്ചുവന്നത്.
റൂറല്‍ എസ്പി എസ് അജിതാബീഗം ഐപിഎസിന്റെ നിര്‍ദേശപ്രകാരമാണ് അഞ്ചല്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കാപ്പനിയമപ്രകാരം നാടുകടത്തപ്പെട്ട ഒരാളെ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്യുന്നത് അത്യപൂര്‍വമാണെന്നാണ് പോലീസ് പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.