ആലപ്പുഴ: ജില്ലയില്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ കുടിവെള്ളക്ഷാമം രൂക്ഷമായി. വേനല്‍ കടുത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. ജില്ലയിലെ പല പ്രദേശങ്ങളിലും കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. ഇന്നലെ അമ്പലപ്പുഴ വടക്കു പഞ്ചായത്ത് രണ്ട്, 18 വാര്‍ഡുകളില്‍ നിന്നുമെത്തിയവര്‍ കുടിവെള്ളക്ഷാമത്തെ തുടര്‍ന്നു ആലപ്പുഴ വഴിച്ചേരിയിലെ വാട്ടര്‍ അഥോറിറ്റി ഓഫീസിലെത്തി എക്സിക്യൂട്ടീവ് എന്‍ജിനിയറെ ഉപരോധിച്ചു. കുടിവെള്ളക്ഷാമം സംബന്ധിച്ചു നിരവധി പരാതികള്‍ നാട്ടുകാര്‍ നല്‍കിയെങ്കിലും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ വാര്‍ഡ് മെമ്പര്‍മാരായ ഷീജ നൗഷാദ്, രാജേശ്വരി എന്നിവരുടെ നേതൃത്വത്തില്‍ ആലപ്പുഴ വാട്ടര്‍ അഥോറിറ്റി ഓഫീസിലെത്തി എന്‍ജിനിയറെ ഉപരോധിച്ചത്.
അടിയന്തര പരിഹാരം മൂന്നുദിവസങ്ങള്‍ക്കകം എടുക്കുമെന്ന എന്‍ജിനിയറുടെ രേഖാമൂലമുള്ള ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ സുനീര്‍ വണ്ടാനം, ആശാ പ്രദീപ്, രാജലക്ഷ്മി, നൗഷാദ്, ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്കി. സ്ത്രീകളടക്കം നിരവധിപേര്‍ സമരത്തില്‍ പങ്കെടുത്തു. കഴിഞ്ഞദിവസവും ഇതേ വിഷയത്തില്‍ ഇവിടെ ഉപരോധം നടന്നിരുന്നു. നഗരത്തിലെ പല പ്രദേശങ്ങളിലും ഒരാഴ്ചയോളമായി കുടിവെള്ളം ലഭ്യമാകുന്നില്ലെന്നു പരാതിയുണ്ട്. ശുദ്ധജലത്തിനു വാട്ടര്‍ അഥോറിറ്റിയെ ആശ്രയിക്കുന്നവരാണ് നഗരത്തിലേറെയും.
27ഓളം കുഴല്‍ക്കിണറുകളാണ് നഗരത്തില്‍ വാട്ടര്‍ അഥോറിറ്റിക്കുള്ളത്. ഇവയില്‍ പലതിന്റെയും പ്രവര്‍ത്തനം കാര്യക്ഷമമല്ല. വെള്ളം കുഴല്‍ക്കിണറില്‍നിന്ന് പമ്പുചെയ്ത് ഓവര്‍ഹെഡ് ടാങ്കുകളില്‍ എത്തിച്ച് ക്ളോറിനേഷന്‍ നടത്തിയാണ് ശുദ്ധജലവിതരണം നടത്തുന്നത്. ജലനിരപ്പ് താഴുന്നതും പമ്പ് ഹൗസുകളില്‍ സ്ഥാപിച്ചിരിക്കുന്ന മോട്ടോറുകളുടെ ശേഷി കുറയുന്നതും വെള്ളം പമ്പ് ചെയ്യുന്നതില്‍ കുറവ് വരുത്തുന്നു. ഇതാണ് ജലവിതരണത്തിന്റെ പ്രധാന തടസങ്ങളിലൊന്ന്.
നഗരത്തിലെ ആര്.ഒ പ്ലാന്റുകള്‍ അടിക്കടി പണിമുടക്കുന്നതും കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നു. കുടിവെള്ളം കിട്ടാക്കനിയാകുമ്പോഴും ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളമാണ് പലയിടങ്ങളിലും അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നു നഷ്ടമാകുന്നത്. വാട്ടര്‍ അഥോറിറ്റിയുടെ മൂക്കിനു താഴെ വഴിച്ചേരി ഓഫീസ് കോമ്പൗണ്ടിനുള്ളിലെ പൈപ്പുപൊട്ടി ജലം പാഴാകുന്നതും ഇവരുടെ കണ്ണില്‍ പെടുന്നില്ലേയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.