തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതില് പ്രതിഷേധിച്ച് ബിജെപി പ്രവര്ത്തക ജീവനൊടുക്കാൻ ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്കോട്ടല വാര്ഡിലെ ശാലിനിയാണ് കൈ ഞരമ്പ് മുറിച്ചത്.
ശാലിനിയെ മുനിസിപ്പാലിറ്റി 16-ാം വാര്ഡില് സ്ഥാനാര്ഥിയായി നിശ്ചയിച്ചിരുന്നു. പോസ്റ്റര് ഉള്പ്പെടെ തയാറാക്കുകയും അനൗദ്യോഗിക പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സ്ഥാനാര്ഥിത്വമില്ലെന്ന് അറിയിക്കുകയായിരുന്നു.
ഞായറാഴ്ച പുലര്ച്ചയോടെയായിരുന്നു യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ശബ്ദം കേട്ട് മകന് എഴുന്നേറ്റ് നോക്കുമ്പോള് കൈ ഞരമ്പ് മുറിച്ച് രക്തത്തില് കുളിച്ച് നില്ക്കുന്ന നിലയില് ശാലിനിയെ കാണുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതി നിലവില് നെടുമങ്ങാട് താലൂക്ക് ആശുപത്രിയില് ചികിത്സയിലാണ്.സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ആനന്ദ് കെ.തമ്പി ജീവനൊടുക്കിയതിനു പിന്നാലെയാണ് പുതിയ സംഭവം.

