മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടും പരിസരപ്രദേശങ്ങളിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും കനാല്‍വെള്ളം പാഴാകുന്നതായി പരാതി. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കല്ലംകുളം, ചിറയ്ക്കല്‍ മേഖലയിലാണ് ഈ സ്ഥിതി. കനാലിന്റെ നിര്‍മാണത്തിലുണ്ടായ തകരാറാണ് വെള്ളം പാഴാകുന്നതിനു പ്രധാന കാരണമാകുന്നത്. ലിറ്റര്‍ കണക്കിനു വെള്ളമാണ് ഓരോദിവസവും റോഡിലൂടെ ഒഴുകി പാഴാകുന്നത്. കനാല്‍ വികസനത്തിനായി കോടികളാണ് ജലസേചനവകുപ്പ് ഏതാനും വര്‍ഷംമുമ്പ് കാഞ്ഞിരപ്പുഴയില്‍ ചെലവഴിച്ചത്. ബണ്ടുകളുടെ നവീകരണം, പുതുക്കിപണിയല്‍ എന്നിവയെല്ലാമാണ് ഇക്കാലയളവില്‍ നടത്തിയത്.
എങ്കിലും കനാല്‍ വെള്ളം വിട്ടാല്‍ ഉയരം കുറഞ്ഞ ഭാഗങ്ങളിലൂടെയും തകര്‍ന്ന ഇടങ്ങളില്‍ കൂടിയും പകുതിയോളം വെള്ളം റോഡിലൂടെയും പ്രദേശത്തെ വീടുകളിലേക്കും ഒഴുകി പാഴാകുന്ന സ്ഥിതിയാണുള്ളത്. ഇപ്പോഴും പള്ളിക്കുറുപ്പ് ഭാഗത്തേക്ക് വെള്ളം എത്താത്ത സ്ഥിതിയാണുള്ളത്. ഇതിനായി കൂടുതല്‍ വെള്ളം തുറന്നുവിടുന്നതാണ് വെള്ളം പുറത്തേക്ക് ഒഴുകി നഷ്ടമാകുന്നതിനു കാരണമെന്നും പറയപ്പെടുന്നു. പലസ്ഥലത്തും കനാല്‍ബണ്ട് പാതി തകര്‍ന്ന നിലയിലാണ്. അമിതതോതില്‍ ചോര്‍ച്ചയുള്ള ഭാഗങ്ങളില്‍ സിമന്റ് ഉപയോഗിച്ച് പോയിന്റ് ചെയ്യുകയോ പുതുക്കി പണിയുകയോ ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്.